നടിയെ ആക്രമിച്ച കേസില്‍ വേട്ടക്കാരന് ആരാണെന്ന് കോടതി കണ്ടെത്തട്ടെ എന്ന് കെ മുരളീധരന് എംപി. മുന്‍ ഡിജിപി ആര് ശ്രീലേഖ ഇപ്പോള്‍ യൂട്യൂബ് ചാനല്‍ വഴി പറഞ്ഞ കാര്യങ്ങള്‍ പറയേണ്ടത് കോടതിയിലാണ്. താന്‍ എന്നും ഇരക്കൊപ്പമാണ്. അതിജീവിതക്ക് നീതി ലഭിക്കണം. കോടതിയിലുളള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കെ മുരളീധരന് പറഞ്ഞു.
മുന്‍ ഡിജിപിയുടെ ആരോപണത്തില്‍ ഒരുപാട് പേരാണ് വിമര്‍ശനവുമായി രംഗത്തു വന്നത്. ദീലിപിനോട് ആരാധന മൂത്തുള്ള ഭ്രാന്താണ് ശ്രീലേഖയ്ക്ക്. ദിലീപിനെതിരെ തെളിവുണ്ടെന്നും കേസിലെ നിര്‍ണായക സാക്ഷിയായ ജിന്സണ് പറഞ്ഞു. മുന്‍ ഡിജിപിയുടേത് ചില ആരോപണങ്ങള്‍ മാത്രമാണ്. ദിലീപിന് വേണ്ടി മാധ്യമങ്ങളില്‍ സംസാരിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്ക് ഒപ്പം മറ്റൊരാള്‍ കൂടി ചേര്‍ന്നുവെന്ന് മാത്രമെ പറയാനുളളൂ. മുന്‍കൂട്ടിയുളള തീരുമാനപ്രകാരമാണ് ആര് ശ്രീലേഖ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചത്. സര്‍വ്വീസില്‍ നിന്ന് ഇറങ്ങി ഒന്നര വര്‍ഷത്തിന് ശേഷമുളള തുറന്നു പറച്ചിലിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ദുരൂഹതയുണ്ട്, വലിയ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നതായും കെകെ രമ എംഎല്‍എ പ്രതികരിച്ചു. ‘ശ്രീലേഖയുടെ ആരോപണത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമാണ്. ഒരു സ്ത്രീ എന്ന നിലയില്‍ ശ്രീലേഖയ്ക്ക് എങ്ങനെ ഈ രീതിയില്‍ സംസാരിക്കാന്‍ കഴിയുന്നുവെന്ന്’ ചലച്ചിത്ര പ്രവര്‍ത്തക ദീദി ദാമോദരന്‍ വിമര്‍ശിച്ചു.
ആരോപണത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി നടിയുടെ കുടുംബവും രംഗത്തു വന്നു. ന്യായീകരണ തൊഴിലാളികളോട് സഹതാപം മാത്രമാണ്. സ്വന്തം വ്യക്തിത്വഹത്യക്ക് പകരമായി, അതിനേക്കാള്‍ വിലമതിക്കുന്ന മറ്റെന്തെങ്കിലും ആകാം അവരെ പ്രലോഭിപ്പിക്കുന്നതെന്ന് നടിയുടെ സഹോദരന് ഫേസ്ബുക്കില്‍ കുറിച്ചു.


