കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യാ മാധവന് ഇന്ന് കോടതിയില്‍ ഹാജരാവും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരാവുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായത്.
കേസില്‍ എട്ടാം പ്രതിയാണ് നടന് ദിലീപ്. കേസില്‍ മുന്നൂറിലധികം സാക്ഷികളാണ് ഉള്ളത്. ജൂലൈയില്‍ കേസിലെ മാപ്പു സാക്ഷിയായ വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ വിചാരണയ്ക്ക് തുടര്‍ച്ചയായി ഹാജരാവാത്തതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് വിചാരണക്കോടതിയില്‍ എത്തിച്ചത്.
ഇതിനിടെ കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. ആറു മാസത്തെ സമയം കൂടി വേണമെന്നാണ് ആവശ്യപ്പെട്ടത്. കേസ് പരിഗണിക്കുന്ന സ്പെഷ്യല്‍ ജഡ്ജ് ഹണി എം വര്‍ഗീസാണ് സുപ്രീം കോടതിക്ക് കത്തയച്ചത്. ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിചാരണ ഉടനെ പൂര്‍ത്തിയാക്കാനാവില്ലെന്ന് കത്തില്‍ പറയുന്നു.
ഓഗസ്റ്റ് 15 ന് മുന്‍പ് കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നേരത്തെ കീഴ്ക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്.


