മുഖ്യമന്ത്രിക്കെതിരായ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഫ്ലാറ്റിലും എച്ച്ആര്‍ഡിഎസിന്റെ ഓഫീസിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്. സ്വപ്നയ്ക്ക് ഭീഷണി ഉയരുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. ഉച്ചയ്ക്ക് ശേഷം സ്വപ്ന ഓഡിയോ പുറത്തു വിടുന്ന സമയത്ത് കൂടുതല്‍ പൊലീസുകാരെത്തും.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തുന്നത്. ഫ്ലാറ്റിലും എച്ച്ആര്‍ഡിഎസിന്റെ ഓഫീസിലും സിസിറ്റിടി ക്യാമറ സ്ഥാപിക്കുകയാണ്. ഇവിടെ ആരൊക്കെ വന്നു പോകുന്നു എന്നത് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അറിയാനാണ് സിസിറ്റിവി സ്ഥാപിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് 2016ല്‍ നടത്തിയ വിദേശസന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന ആരോപണമാണ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് സ്വപ്ന ഗുരുതര ആരോപണം ഉന്നയിക്കുന്നത്. കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്കിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.
രഹസ്യമൊഴി പിന്‍വലിക്കാന്‍ ഷാജ് കിരണ്‍ ഭീഷണിയും സമ്മര്‍ദ്ദവും ചെലുത്തിയെന്ന് ആരോപിക്കുന്ന ശബ്ദരേഖ സ്വപ്ന സുരേഷ് ഇന്ന് പുറത്തുവിടും. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇടനിലക്കാരനായി ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം. എന്നാല്‍ മുഖ്യമന്ത്രിയെ പരിചയമില്ലെന്നും സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ കണ്ടതെന്നുമാണ് ഷാജിന്റെ മറുപടി.
മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരണ്‍ പറയുന്നതിന്റെ ശബ്ദരേഖ ഇന്നു പുറത്തുവിടുമെന്നു സ്വപ്നയുടെ അഭിഭാഷകന് ആര് കൃഷ്ണരാജ് അറിയിച്ചിരുന്നു. സ്വപ്നയുമായി സംസാരിച്ച്, നിയമവശങ്ങള്‍ നോക്കിയാകും ഇതു ചെയ്യുകയെന്നും വ്യക്തമാക്കി.
തന്റെ രഹസ്യമൊഴി പിന്‍വലിപ്പിക്കാനാണു ഷാജ് കിരണ്‍ എത്തിയതെന്നും, വിജിലന്‍സ് ഡയറക്ടര്‍ എം.ആര്.അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചെന്നുമാണ് സ്വപ്നയുടെ ആരോപണം.


