ജയ്പൂര്‍: രാജസ്ഥാനിലെ ബാരനില്‍ അയല്‍വാസിയെ കുടുക്കാൻ സ്വന്തം പേരക്കുട്ടിയെ കൊലപ്പെടുത്തിയ മുത്തശ്ശി അറസ്റ്റില്‍. മെയ് 30ന് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്.
അമര്‍ലാല്‍ മോഗ്യ എന്നയാളുടെ മൂന്നു വയസുകാരിയായ മകള്‍ ആണ് കൊല്ലപ്പെട്ടത്. രാമേശ്വര്‍ മോഗ്യ എന്നയാളാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നാരോപിച്ച് കുടുംബം പൊലീസില്‍ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാമേശ്വര്‍ മോഗ്യയുടെ മകള്‍ക്കും പരിക്കേറ്റതായി പോലീസ് കണ്ടെത്തി. സംഘർഷത്തിൽ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കനക്ഭായിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ മുത്തശ്ശി കുറ്റം സമ്മതിച്ചത്. രാമേശ്വര്‍ മോഗ്യയെ കുടുക്കാൻ വേണ്ടി കനക്ഭായ് തന്നെയാണ് സ്വന്തം പേരക്കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.


