മലപ്പുറം: കഴിഞ്ഞ ദിവസം റെയ്ഡില്‍ കണ്ടെത്തിയ സ്വര്‍ണം വിവാദമായ നയതന്ത്ര സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മലപ്പുറം സ്വദേശിയായ അബൂബക്കര്‍ പഴേടത്ത് എന്നയാളുടെ ജ്വല്ലറികളിലും വീടുകളിലുമായി നടന്ന പരിശോധനയില്‍ അഞ്ച് കിലോ സ്വര്‍ണവും പണവും കണ്ടെത്തിയെന്നും ഇഡി അറിയിച്ചു.
മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ജ്വല്ലറി, ഫൈന്‍ ഗോള്‍ഡ് ജ്വല്ലറി, അറ്റ്ലസ് ഗോള്‍ഡ് എന്നിവയുടെ പ്രൊമോട്ടര്‍ അബൂബക്കര്‍ പഴേടത്തിന്റെ സ്ഥാപനത്തിലെ ‘രഹസ്യ അറയില്‍’ നിന്നാണ് ഇഡി കഴിഞ്ഞ തിങ്കളാഴ്ച്ച സ്വര്‍ണം പിടികൂടിയത്. വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന ഗുണഭോക്താവായി ഇഡി കണ്ടെത്തിയ ഇയാളുടെ പക്കല്‍ നിന്ന് 2.51 കോടി രൂപയുടെ സ്വര്‍ണമായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയത്. അബൂബക്കര്‍ പഴേടത്തിന്റെ 4 ജ്വല്ലറികളിലും വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
2.51 കോടി വിലവരുന്ന 5.058 കിലോ സ്വര്‍ണത്തിന് പുറമേ 3.79 ലക്ഷം രൂപയും രഹസ്യ അറയില്‍ നിന്ന് കണ്ടെത്തിയതെന്ന് ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സരിത്, സ്വപ്ന, സന്ദീപ് എന്നിവരുടെ പേരുകള്‍ക്കൊപ്പം എം ശിവശങ്കറിന്റെ പങ്കും വാര്‍ത്താക്കുറിപ്പില്‍ ഇഡി ആവര്‍ത്തിക്കുന്നുണ്ട്.
കസ്റ്റംസ് പിടികൂടിയ മൂന്ന് കിലോ സ്വര്‍ണം തന്റേതാണെന്ന് അബൂബക്കര്‍ പഴേടത്ത് സമ്മതിച്ചതായും നേരത്തെ നയതന്ത്ര ബാഗേജ് വഴി ആറ് കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് മൊഴി നല്‍കിയതായും ഇഡി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


