കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ പത്മസരോവരം വീട്ടിലെത്തി. ചോദ്യം ചെയ്യല്‍ ആരംഭിച്ചു. നടിയെ ആക്രമിച്ച കേസിലാണ് കാവ്യയെ ആദ്യം ചോദ്യം ചെയ്യുന്നത്. രണ്ടാമത് വധ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യും. പിന്നീട് രണ്ട് അന്വേഷണ സംഘവും കാവ്യയെ ഒന്നിച്ചു ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിന് കാവ്യ ഹാജരാവാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് വീട്ടിലെത്തിയത്. വധഗൂഡാലോചന കേസിലെ അന്വേഷണ സംഘവും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘവുമാണ് രണ്ട് വാഹനങ്ങളിലായി പത്മ സരോവരം വീട്ടിലെത്തിയത്. കാവ്യയുടെ അച്ഛനും അമ്മയും പത്മ സരോവരം വീട്ടിലുണ്ട്. ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് ഇവരെയും വിളിച്ചു വരുത്തിയതെന്നാണ് സൂചന.
ചോദ്യം ചെയ്യല്‍ ഇനിയും നീട്ടിക്കൊണ്ട് പോവുന്നത് ഉചിതമല്ലെന്ന നിഗമനമാണ് വീട്ടിലെത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചന കേസിലും പ്രതിയായ ദിലീപുള്ള വീട്ടില്‍ വെച്ച് കാവ്യയെ ചോദ്യം ചെയ്യുന്നത് കേസിനെ ബാധിക്കുമെന്ന് ആദ്യ ഘട്ടത്തില്‍ അന്വേഷണ സംഘത്തിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഒന്നിലേറെ തവണ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടും വീട്ടില്‍ വെച്ചുള്ള ചോദ്യം ചെയ്യലിനേ തയ്യാറാവൂ എന്ന് കാവ്യ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഒടുക്കം പത്മസരോവരെത്തെത്താന് അന്വേഷണ സംഘം തീരുമാനിച്ചത്.
തുടരന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകളും ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളും മുന്‍നിര്‍ത്തിയാണ് കാവ്യയില്‍ നിന്നും വിവരങ്ങള്‍ തേടുക. 2017 ല്‍ കേസിന്റെ ആദ്യ ഘട്ടത്തില്‍ സംഭവങ്ങളില്‍ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന്റെ പക്കലുണ്ടായിരുന്നില്ല.
എന്നാല്‍ നാല് മാസത്തോളമായി നടന്നു കൊണ്ടിരിക്കുന്ന തുടരന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ പ്രകാരം കേസിലെ നിര്‍ണായക വിവരങ്ങള്‍ കാവ്യക്കറിയാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.


