ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പി ആര് സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പിരിച്ചു വിടുന്നത്.
15 തവണ വകുപ്പുതല നടപടിയും ആറ് സസ്പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്ന, ബലാല്‍സംഗം ഉള്‍പ്പെടെ ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തിക്ക് പൊലീസില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ഡിജിപി വ്യക്തമാക്കി. പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നും ഡിജിപി അറിയിച്ചു.
തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ പ്രതിയായതോടെ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ ആയിരുന്ന പിആര്‍ സുനു സസ്പെന്‍ഷനിലായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു സസ്പെന്ഷന് നടപടി. തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് പി ആര് സുനു. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ പ്രതിചേര്‍ത്തത്.
പിരിച്ചുവിട്ട ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് സുനു പ്രതികരിച്ചു. തനിക്കെതിരെ ഒരു കേസ് മാത്രമാണ് നിലവിലുള്ളത്. ഇതില്‍ വേഗത്തില്‍ വിചാരണ നടത്താനായി ഹൈക്കോടതിയെ ഉടന്‍ സമീപിക്കും. പിരിച്ചുവിട്ട നടപടിയ്ക്കെതിരെ കേരള അഡ്മിനിട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുമെന്നും സുനു വ്യക്തമാക്കി.


