മൂവാറ്റുപുഴ: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം എം കെ അഷറഫിന്റെ മൂവാറ്റുപുഴയിലെ വീട്ടില്‍ റെയ്ഡ്. വിവരമറിഞ്ഞ് എത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും സ്ഥലത്തെത്തിയ പൊലിസും തമ്മില്‍ വാക്കു തര്‍ക്കം. കൊച്ചിയില്‍ നിന്നെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. അഷ്റഫ് സ്ഥലത്തുണ്ടായില്ല. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോടൊപ്പം സായുധരായ പൊലിസും എത്തിയിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍പൊലിസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.
അഷറഫിന്റെ ബന്ധുക്കള്‍ റെയ്ഡ് വിവരം അറിഞ്ഞ് സ്ഥലത്ത് എത്തുകയും വീടിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്ത് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമായി. നോട്ടീസ് നല്‍കിയതിന് ശേഷമാണ് റെയ്ഡ് നടന്നത് എന്ന് എം.കെ അഷറഫിന്റെ ഭാര്യ പറഞ്ഞു. രാവിലെ 9 മണിക്ക് ആരംഭിച്ച റെയ്ഡ് പതിനൊന്നരയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.