ആലപ്പുഴ മുട്ടാറില്‍ സ്കൂള്‍ വിട്ടു വന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അഞ്ച് പേര് ചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്. ആദ്യം അഞ്ച് പേര് ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു മൊഴി. പിന്നീട് ബന്ധുവാണ് പീഡിപ്പിച്ചതെന്ന് മൊഴിമാറ്റി. ഇതിനിടെ വൈദ്യ പരിശോധനയിലും പീഡനം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായ കുട്ടിയെ വീട്ടില്‍ നിരന്തരം വഴക്കു പറഞ്ഞിരുന്നു. സ്കൂള്‍ തുറക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ വീട്ടിലേല്പ്പിക്കണമെന്ന് പറഞ്ഞതിനെ ചൊല്ലി കുട്ടി വഴക്കുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂള്‍ തുറന്ന ദിവസം തന്നെ പീഡനം നടന്നതായി കുട്ടി വീട്ടില്‍ അറിയിച്ചത്.
പെണ്‍കുട്ടിയുടെ മൊഴികളിലെ വൈരുദ്ധ്യം തുടക്കത്തില്‍ തന്നെ പൊലീസിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. കുട്ടി ചൂണ്ടിക്കാണിച്ചവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിലും പ്രദേശ വാസികളുടെ മൊഴികളിലും സംഭവം നടന്നതായി സൂചന ലഭിച്ചിരുന്നില്ല.
പരാതി നല്‍കിയതില്‍ ബാഹ്യപ്രേരണ ഉണ്ടോയെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് രാമങ്കരി പൊലീസ് അറിയിച്ചു.