ലഖിംപൂര്‍ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അന്വേഷണ വിവരം തേടി സുപ്രിംകോടതി. സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സംഭവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളുടെ വിവരങ്ങള്‍, ആരൊക്കെയാണ് പ്രതികള്‍, പ്രതികളെ അറസ്റ്റ് ചെയ്തോ ഇല്ലയോ തുടങ്ങിയ വിവരങ്ങളെല്ലാം റിപ്പോര്‍ട്ടിലുണ്ടാകണമെന്ന് കോടതി പറഞ്ഞു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് സുപ്രിംകോടതിയുടെ നടപടി.
അതേസമയം സംഘര്‍ഷത്തില്‍ സ്വമേധയ കേസെടുത്തിട്ടില്ലെന്ന് കോടതി പറഞ്ഞു. യു.പിയില്‍ നിന്നുള്ള രണ്ട് അഭിഭാഷകര്‍ അയച്ച കത്ത് പൊതുല്പാര്യ ഹര്‍ജിയായി ലിസ്റ്റ് ചെയ്യാനാണ് നിര്‍ദേശിച്ചത്. ആശയക്കുഴപ്പം മൂലമായിരിക്കാം സ്വമേധയ എടുത്ത കേസായി കത്ത് ലിസ്റ്റ് ചെയ്തതെന്നും കോടതി പറഞ്ഞു.
അതിനിടെ ലഖിംപൂര്‍ ഖേരി ആക്രമണം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ പ്രഖ്യാപിച്ചു. ലഖിംപൂരില്‍ നിരപരാധികളുടെ അരുംകൊലയ്ക്കെതിരെ രാജ്യ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അലഹബാദ് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി പ്രദീപ് കുമാര്‍ ശ്രീവാസ്തവയാണ് അന്വേഷണ കമ്മിഷന്. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ലഖിംപൂര്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരുടെ നേര്‍ക്കാണ് മകന് ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 9 പേര്‍ക്കാണ് ജീവന് നഷ്ടമായത്.