കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്ന് അര്‍ധ നഗ്നയായ യുവതിയുടെ മൃതദേഹം നടുറോഡിലേക്കെറിഞ്ഞ് അജ്ഞാത സംഘം. അവിനാശി റോഡില്‍ ചെന്നിയ പാളയത്തിനു സമീപം ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കൊലപാതകമാണെന്ന സൂചനയെ തുടര്‍ന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പൊലീസ് തിരച്ചില്‍ തുടങ്ങി. കോയമ്പത്തൂര്‍ നഗരത്തിലെ അവിനാശി റോഡില്‍ ഇന്നലെ പുലര്‍ച്ചെയാണു മനസാക്ഷിയെ നടുക്കുന്ന ഈക്രൂരതയുണ്ടായത്.
ഓടുന്ന കാറിന്റെ വാതില്‍ തുറന്ന് എന്തോ ഒന്ന് റോഡില്‍ വീഴുന്നതാണ് ഒറ്റനോട്ടത്തില്‍ തോന്നുക.ആവര്‍ത്തിച്ചു നോക്കുമ്പോഴാണ് കാറിന്റെ വാതില്‍ തുറന്ന് മൃതദേഹം പുറത്തേക്കെറിഞ്ഞതാണെന്നു വ്യക്തമാകുക. അര്‍ധ നഗ്നയായ യുവതിയുടെ മൃതദേഹമാണ് എറിഞ്ഞത്. പിറകെ വന്ന വാഹനങ്ങള്‍ മൃതദേഹത്തില്‍ കയറി ഇറങ്ങി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഇതുവഴിയെത്തിയ ഇരുചക്രവാഹനയാത്രക്കാരാണു വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്നു മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. അവിനാശി റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. മൃതദേഹം വലിച്ചെറിഞ്ഞ വാഹനം കണ്ടെത്താനായി രണ്ടു പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു.


