കൊല്ലം: ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ വീട്ടില്‍ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ പതിനൊന്ന് മണിയോടെ വിസ്മയയുടെ നിലമേലിലുളള വീട്ടിൽ മന്ത്രി എത്തും എന്നാണ് റിപ്പോർട്ടുകൾ.
വിസ്മയ മരിച്ച സംഭവത്തില്‍ ഭര്‍ത്താവായ മോട്ടാര്‍ വാഹന വകുപ്പിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.കിരണ്‍കുമാറിനെ ഇന്നലെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കിരണില്‍ നിന്ന് മൊഴിയെടുത്തും, സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയും കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് ആന്റണി രാജു വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂണ്‍ 21നാണ് വിസ്മയയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം റീജിയണല്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍കുമാറിനെ ജൂണ്‍ 22ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.


