പോത്തന്‍കോട് : തിരുവനന്തപുരത്ത് പട്ടാപ്പകല്‍ തുണിക്കടയില്‍ മോഷണം. വെഞ്ഞാറമൂട് റോഡിലെ തുണിക്കടയിലാണ് സംഭവം. വിലപിടിപ്പുള്ള നിരവധി വാച്ചുകളും ഷര്‍ട്ടുകളും കണ്ണടകളും ആണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് മാന്‍ ഫാക്ടറി ജെന്റസ് തുണിക്കടയിലായിരുന്നു സംഭവം നടന്നത്.
ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം കടയ്ക്കുള്ളില്‍ കയറുകയും ഒരാള്‍ ഷര്‍ട്ടുകള്‍ നോക്കി സെയില്‍സ്മാനോട് വില ചോദിക്കുന്നതിനിടയില്‍ രണ്ടാമനാണ് സാധനങ്ങള്‍ മോഷ്ടിച്ച് ഓവര്‍കോട്ടിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. കടയിലെ സുരക്ഷാ ക്യാമറയിൽ ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടായിരുന്നു.
രാത്രിയില്‍ സെയിലും സ്റ്റോക്കും പരിശോധിച്ചപ്പോഴാണ് ക്യാഷില്‍ വന്‍ കുറവ് അനുഭവപ്പെട്ടത്. തുടര്‍ന്ന് കടയിലെ സ്റ്റോക്ക് ഉള്‍പ്പെടെ പരിശോധിച്ച് കുറവ് ബോധ്യപ്പെട്ട കടയുടമ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവാക്കളുടെ മോഷണം വ്യക്തമായത്. തുടര്‍ന്ന് കടയുടമ പൊലീസില്‍ പരാതി നല്കി.