ചെന്നൈ: തമിഴ്നാട്ടില്‍നിന്നും ജാതിവെറിയുടെ മറ്റൊരുകഥ കൂടി പുറത്തേക്ക്. കോയമ്പത്തൂരില്‍ ദളിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കൊണ്ട് കാല് പിടിപ്പിച്ചു. ഗൗണ്ടര്‍ സമുദായക്കാരനോട് ഭൂരേഖകള്‍ ആവശ്യപ്പെട്ടതാണ് ഇതിന് കാരണം. മാപ്പു പറഞ്ഞില്ലെങ്കില്‍ തീകൊളുത്തുമെന്നും ഭീഷണിപ്പെടുത്തി.
കോയമ്പത്തൂരിലെ അന്നൂര്‍ വില്ലേജ് ഓഫീസിലായിരുന്നു സംഭവം നടന്നത്. പൊട്ടിക്കരഞ്ഞ് ദളിത് ഉദ്യോഗസ്ഥന് ഗൗണ്ടര്‍ സമുദായക്കാരനായ ആളുടെ കാല് പിടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൂടി പുറത്തുവന്നിരിക്കുന്നത്.
ഗൗണ്ടര്‍ വിഭാഗക്കാരനായ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റന്റ് മുത്തുസ്വാമിയെക്കൊണ്ട് കാല് പിടിപ്പിച്ചത്. വീടിന്റെ രേഖകള്‍ ശരിയാക്കാനാണ് വില്ലേജ് ഓഫീസില്‍ ഗോപിനാഥ് എത്തിയത്. രേഖകള്‍ ഹാജരാക്കാന്‍ വില്ലേജ് ഓഫീസര്‍ പറഞ്ഞു. എന്നാല്‍ പ്രകോപിതനായ ഗോപിനാഥ് വില്ലേജ് ഓഫീസറെ അസഭ്യം പറഞ്ഞു. തര്‍ക്കത്തിനിടെ ഇടപെട്ട വില്ലേജ് അസിസ്റ്റന്റ് മുത്തുസ്വാമി ഇത് തടയാന്‍ ശ്രമിച്ചു. ഇതോടെയാണ് ഗോപിനാഥ് പ്രകോപിതനായത്.
ജോലി കളയിക്കുമെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ തീകൊളുത്തുമെന്നും മുത്തുസ്വാമിയെ ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മുത്തുസ്വാമിയെക്കൊണ്ട് ഗൗണ്ടര്‍ കാല് പിടിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ കോയമ്പത്തൂര്‍ കളക്ടര്‍ ഡോ.ജി.എസ്.സമീരന് അന്വേഷണം പ്രഖ്യാപിച്ചു.


