നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് മുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കും. നിലവില്‍ വിചാരണ നടത്തിയ സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ഹണി എം. വര്‍ഗീസ് സ്ഥാനക്കയറ്റം ലഭിച്ച് സെഷന്‍സ് ജഡ്ജിയായതിനെ തുടര്‍ന്നാണ് കോടതി മാറ്റം.
സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റരുതെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അനുവദിച്ചിരുന്നില്ല. കേസില്‍ തുടരന്വേഷണം നടത്തി സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് ഇന്ന് കൈമാറിയേക്കും.
അതിജീവിതയുടെ ആവശ്യപ്രകാരമാണ് കേസ് വിചാരണ വനിത ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തിയത്. വിചാരണ കോടതിക്കെതിരെ ആരോപണമുന്നയിച്ചതിനെ നടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രോസിക്യൂഷന് നല്കിയ വിവരങ്ങളനുസരിച്ചാണ് ആരോപണ മുന്നയിച്ചതെന്ന് നടിയുടെ അഭിഭാഷക വ്യക്തമാക്കിയിരുന്നു.
അതേസമയം കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജസ്റ്റിസ് ഖാന് വില്‍ക്കറാണ് മുന്‍കാലങ്ങളില്‍ ഹര്‍ജി പരിഗണിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം വിരമിച്ചതിനാല്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ നിര്‍ദേശിക്കുന്ന മറ്റൊരു ബഞ്ചാണ് വാദം കേള്‍ക്കുക.


