തൃശൂര്‍ ചിറ്റിലങ്ങാട് സിപിഐഎം നേതാവ് പിയു സനൂപിന്റേത് രാഷ്ട്രീയക്കൊലയെന്ന് മന്ത്രി എസി മൊയ്തീന്. രാഷ്ട്രീയമല്ലാതെ മറ്റു കാരണങ്ങളില്ല. സിപിഎം സ്വാധീനം ഇല്ലാതാക്കാനാണ് അക്രമികളുടെ ശ്രമം. ആര്‍എസ്എസ്, ബജ്റംഗ്ദള്‍ ബന്ധമുള്ളവരാണ് പ്രതികളെന്നും മന്ത്രി പറഞ്ഞു. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
യാതൊരു പ്രകോപനവുമില്ലാത്ത പ്രദേശമാണ് ചിറ്റിലങ്ങാട്. ചികിത്സയിലുള്ളവരുടെ ശരീരത്തില്‍ നിരവധി വെട്ടും കുത്തുമുണ്ട്. പ്രതികളുടെ കയ്യില്‍ മാരകായുധങ്ങള്‍ ഉണ്ടായിരിന്നു. കരുതിയിരുന്ന് ചെയ്തതാകാം. സിപിഐഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. സിപിഐഎം സ്വാധീനം ഇല്ലാതാക്കാനാണ് അക്രമികളുടെ ശ്രമം. പ്രതികളെ സംരക്ഷിക്കുന്നത് ആരാണെന്ന് പൊലീസ് അന്വേഷിക്കും. പ്രതിയെന്ന് സംശയിക്കുന്ന ആള് കേസില്‍ പ്രതിയാണ്. ഇയാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒളിവില്‍ പോകാന്‍ സഹായം നല്‍കിയവരെ പൊലീസ് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
രാത്രി പതിനൊന്നോടെയാണ് ആറംഗ സംഘത്തിന്റെ അക്രമമുണ്ടായത്. കുന്നംകുളം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകരായ വിബു, ജിതിന്, അഭിജിത്ത് എന്നിവര്‍ക്ക് പരുക്കേറ്റു. മൂവരേയും തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയതായിരുന്നു സനൂപും സിപിഎം പ്രവര്‍ത്തകരും. സുഹൃത്തിന് ചിലരുമായി തര്‍ക്കമുണ്ടായിരുന്നു. രണ്ടു ബൈക്കുകളിലായി പോയ നാലു പേരാണ് ആക്രമിക്കപ്പെട്ടത്. സനൂപ് സംഭവസ്ഥലത്തു തന്നെ മരിച്ചു. സ്ഥലത്ത് വന്‍ പൊലീസ് കാവലുണ്ട്.


