തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. സമൂഹത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് എല്ലാം നടന്നതെന്ന് തെളിഞ്ഞു. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാം. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സിപിഎം- ബിജെപി ധാരണ പ്രകാരമാണിത്. ശബ്ദരേഖയിലെ ഗുഢാലോചന അന്വേഷിക്കണമെന്നും സതീശന് പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിപക്ഷം ഉന്നയിച്ചതെല്ലാം ശരിയാണെന്ന് തെളിഞ്ഞെന്നായിരുന്നു മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു എന്ന് ഇപ്പോള്‍ വ്യക്തമായെന്നും ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടു എന്നും സ്വപ്നയുടെ മൊഴിയോടെ തെളിഞ്ഞെന്നും പറഞ്ഞ ചെന്നിത്തല ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി പറയണമെന്നും ആവശ്യപ്പെട്ടു.
കേസില്‍ തനിക്ക് അറിയാവുന്നത് എല്ലാം ശിവശങ്കറിനും അറിയാം. കേസുമായി ബന്ധപ്പെട്ട ചാറ്റുകള്‍ എല്ലാം സത്യം ആണ്. ശിവശങ്കര്‍ അടക്കമുള്ളവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഒളിവില്‍ പോയതെന്നും ശബ്ദരേഖ പുറത്ത് വിട്ടതെന്നും സ്വപ്ന വെളിപ്പെടുത്തി. നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം ശരിയല്ലെന്നും ബാഗില്‍ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.


