ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് താന്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ ദുരിതങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു ആദിവാസി യുവാവ്. മധ്യപ്രദേശിലെ രത്ലാമില് നിന്നുള്ള കാന്തിലാല്‍ ഭില്‍ എന്നയാളാണ് സര്‍ക്കാരിനോട് 10,000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കൂട്ടബലാത്സംഗ കേസില്‍ പ്രതിയായ ഇയാളെ 2022 ഒക്ടോബറില്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
‘പീഡനക്കേസില്‍ 666 ദിവസം ജയിലില്‍ കഴിഞ്ഞു. ഇക്കാലയളവില്‍ ലൈംഗിക സുഖം പോലുള്ള ദൈവിക സമ്മാനം എനിക്ക് നഷ്ടമായി. ജയിലില്‍ അനുഭവിച്ച പീഡനങ്ങള്‍ ഇപ്പോഴും വേദനിപ്പിക്കുന്നു. ഞാന്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ ദുരിതങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം’- 35 കാരനായ കാന്തിലാല്‍ ഭില്‍ ആവശ്യപ്പെട്ടു.
തന്റെ ജീവിതം നശിപ്പിച്ചു, സമൂഹത്തില്‍ അപകീര്‍ത്തി വരുത്തി, തൊഴില്‍ നഷ്ടപ്പെടുത്തി. ജയിലില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും കുടുംബത്തിന് ഉണ്ടായ പ്രശ്നങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് ഭില്‍ ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.


