കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ നിര്‍ണ്ണായക പങ്ക് വെളിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി. പണം ആവശ്യപ്പെട്ട് നടി ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയത് താന്‍ തന്നെയെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. രവി പൂജാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മംഗളൂരു, കാസര്‍കോട് മേഖകളിലെ ക്വട്ടേഷന്‍ സംഘത്തിലേക്ക് എടിഎസ് അന്വേഷണം വ്യാപിപ്പിച്ചു.
എന്നാല്‍ കൊച്ചി പനമ്പിള്ളിനഗറില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്താന്‍ ആളെ ഏര്‍പ്പാട് ചെയ്തത് താനല്ലെന്നാണ് രവി പൂജാരിയുടെ മൊഴി. രവി പൂജാരിയെ ചോദ്യം ചെയ്തതില്‍ നിന്ന്, വെടിവയ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച മംഗലാപുരം കാസര്‍കോട് മേഖലകളിലെ ഗുണ്ടാ സംഘത്തെക്കുറിച്ച് പൊലീസിന് സൂചനകള്‍ ലഭിച്ചു. കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.
ലീന മരിയാ പോളിനെക്കുറിച്ചും ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും തനിക്ക് വിവരം നല്‍കിയത് ഈ ഗുണ്ടാ സംഘമാണെന്ന് രവി പൂജാരി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൊച്ചിയില്‍ വെടിവയ്പിന് ആളെ നിയോഗിച്ചതും ഇവര്‍ വഴിയായിരുന്നു. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയത് താനാണെന്നും പൂജാരി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇതോടെ കേസില്‍ കൂടുതല്‍ പേര് പ്രതികളാകുമെന്ന് ഉറപ്പായി. ഫോണ്‍ വിളിച്ച് 25 കോടി ആവശ്യപ്പെടാനായിരുന്നു തീരുമാനം. എന്നാല്‍ നടി ഭീഷണിക്ക് വഴങ്ങാതെ വന്നതോടെയാണ് വെടിവെയ്പ് നടത്താന്‍ തീരുമാനിച്ചത്.
ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ ചോദ്യം ചെയ്യാനായി ഈ മാസം എട്ടുവരെയാണ് രവി പൂജാരിയെ എടിഎസ് കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്. കനത്ത സുരക്ഷയിലാണ് ചോദ്യം ചെയ്യല്‍. ഇതിനിടെ ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകന്റെ സഹായം തേടാന്‍ രവി പൂജാരി കോടതിയെ സമീപിച്ചു. കേരളത്തിലുള്‍പ്പടെയുള്ള എല്ലാ കേസുകളും ബംഗളൂരുവിലേക്ക് മാറ്റാന്‍ സുപ്രീം കോടതിയെ സമീപിക്കാനും നീക്കമുണ്ട്. 2018 ഡിസംബര്‍ 15 നാണ് ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ്പുണ്ടായത്. വെടിവെപ്പ് നടത്തിയ രണ്ടുപേര്‍ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.
ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ഇന്നലെ രാത്രിയാണ് രവി പൂജാരിയെ കൊച്ചിയിലെത്തിച്ചത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ പ്രതിയെ ഹാജരാക്കി. ഈ മാസം എട്ടാം തിയതി വരെയാണ് അന്വേഷണ സംഘത്തിന് രവി പൂജാരിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.


