ട്രയിനില്‍ മാധ്യമ പ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ യുവാക്കളുടെ ആക്രമണം. അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. കോഴിക്കോട് പുതിയറ സ്വദേശി അജല്‍, ചേവായൂര്‍ സ്വദേശി അതുല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്ത് നിന്ന് ജോലി കഴിഞ്ഞ് മലബാര്‍ എക്സ്പ്രസില്‍ വര്‍ക്കലക്കു പോകും വഴി ചിറയിന്‍കീഴില്‍ വെച്ച് യുവാക്കള്‍ യുവതിയോട് അപമര്യാദയായി പെരുമാറി. പ്ലാറ്റ്ഫോമിലായിരുന്ന ഭര്‍ത്താവിനെ യുവതി വിവരം അറിയിച്ചു. ഇത് ഭര്‍ത്താവ് ചോദ്യം ചെയ്തിനെ തുടര്‍ന്ന് യുവാക്കള്‍ ആക്രമിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു. സംഭവമറിഞ്ഞെത്തിയ പൊലീസിനെയും യുവാക്കള്‍ ആക്രമിച്ചു.
ബലപ്രയോഗത്തിലൂടെയാണ് അക്രമികളെ പൊലീസ് കീഴ്പ്പെടുത്തിയത്. കൊല്ലം റയില്‍വേ പൊലീസ് ദമ്പതികളുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ വൈദ്യ പരിശോധനക്കു ശേഷം കോടതിയില്‍ ഹാജരാക്കും.


