തൃശൂര്‍: ഹീമോഫീലിയ രോഗിക്ക് ക്രൂരമര്‍ദനം. അഞ്ചേരി സ്വദേശി മിഥുനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ തൃശൂര്‍ അഞ്ചേരി സ്വദേശിയും സുഹൃത്തുമായ വൈശാഖിനെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തത്.
കേരളവര്‍മ കോളജിനടുത്തുള്ള കടയിലാണ് സംഭവം. ബൈക്ക് ചോദിച്ചപ്പോള്‍ നല്‍കാത്തതിനാണ് വൈശാഖ് മിഥുനെ മര്‍ദിച്ചത്. കടയ്ക്കുള്ളില്‍ കയറി മിഥുനെ കുനിച്ചുനിര്‍ത്തി പുറത്ത് മുട്ടുകൊണ്ട് ക്രൂരമായി മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
‘അയ്യോ, ഇടിക്കാതെടാ, എനിക്ക് വയ്യെടാ’ എന്ന് മിഥുന് പറയുന്നതും ‘അയ്യോ, അമ്മേ’ എന്ന് വിളിച്ച് ഉച്ചത്തില്‍ കരയുന്നതും വീഡിയോയില്‍ കേള്‍ക്കാം. മര്‍ദനം കണ്ട് കടയില്‍ നിന്നയാള്‍ കാര്യം ചോദിച്ചെങ്കിലും ഇയാളെ ഭീഷണിപ്പെടുത്തുകയാണ് പ്രതി ചെയ്തത്. ഇതോടെ ഇയാള്‍ പുറത്തേക്കുപോയി. അപ്പോഴും പ്രതി ഇടി തുടരുകയാണ്.
വൈശാഖ് തന്റെ ജോലിസ്ഥലത്തെത്തിയത് പുതിയ ബൈക്ക് ചോദിച്ചെന്ന് തൃശൂരില്‍ മര്‍ദനമേറ്റ ഹീമോഫീലിയ രോഗിയായ യുവാവ്. ബൈക്ക് നല്‍കില്ലെന്ന് മറുപടി നല്‍കിപ്പോള്‍ കടയില്‍ നിന്ന് പുറത്തിറങ്ങി തന്നെ മര്‍ദിച്ചിരുന്നുവെന്ന് യുവാവ് പറഞ്ഞു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും കടയിലെത്തി വൈശാഖ് തന്നെ ആക്രമിച്ചെന്നും യുവാവ് പറഞ്ഞു.
നാട്ടുകാരനാണെന്ന പരിചയം മാത്രമാണ് തനിക്ക് വൈശാഖിനോടുള്ളതെന്ന് മര്‍ദനമേറ്റ യുവാവ് പറയുന്നു. തനിക്ക് രോഗമുണ്ടെന്ന് വൈശാഖിന് അറിയാം. മര്‍ദിക്കുന്നതിനിടെ ഇക്കാര്യം ആവര്‍ത്തിച്ച് പറയുകയും ചെയ്തിരുന്നുവെന്നും യുവാവ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളുടേയും പരാതിയുടേയും അടിസ്ഥാനത്തിലാണ് കേസെടുത്തത്. മിഥുന് ഇപ്പോഴും ചികിത്സിയിലാണ്. രോഗ ബാധിതനായതിനാല്‍ തന്നെ അക്രമത്തെ ചെറുക്കാനും മിഥുന് സാധിച്ചില്ല.
പിന്നീട് ആശുപത്രിയില്‍ പോവുകയും ശേഷം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതേസമയം, പ്രതിയായ മിഥുനെതിരെ മറ്റു കേസുകളും നിലവിലുള്ളതായി പൊലീസ് അറിയിച്ചു.


