സൈമണ്‍ ബ്രിട്ടോയുടെ വീട് ആളില്ലാത്ത നേരത്ത് കുത്തിത്തുറന്ന് പൊലീസ്. പൊലീസിനെതിരെ കമ്മീഷണര്‍ക്ക് പരാതി നല്കി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന. താനില്ലാത്തപ്പോള് വീട് പൊലീസ് കുത്തിത്തുറന്നുവെന്നാണ് പരാതി. കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഞാറയ്ക്കല്‍ പൊലീസില്‍ നിന്നെന്ന് പറഞ്ഞ് ഒരു സംഘം പൊലീസ് വീട് കുത്തിത്തുറന്നുവെന്നാണ് സമീപവാസി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സീന പരാതി നല്‍കിയത്.
എറണാകുളം വടുതലയിലെ വീട്ടിലാണ് നടപടിക്രമങ്ങള്‍ പാലിക്കാതെ പൊലീസ് സംഘം എത്തിയത്. കുത്തുകേസിലെ പ്രതി ഒളിവിലിരിക്കുന്നുവെന്ന പേരില്‍ എത്തിയ സംഘം വീട് കുത്തിത്തുറന്നുവെന്നാണ് പരാതി. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെ ആഭരണങ്ങള്‍ പിന്നാലെ കാണാതായെന്ന് പരാതിയില്‍ പറയുന്നു. ബ്രിട്ടോയ്ക്ക് ലഭിച്ച പുരസ്കാരങ്ങളില് ചിലതും കാണാതായിട്ടുണ്ട്.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പൊലീസ് ചില സാമൂഹ്യ ദ്രോഹികളുടെ സഹായത്തോടെ വീട് കുത്തിപ്പൊളിച്ചതെന്നും സീന ആരോപിക്കുന്നു. മകളുടെ പഠനാവശ്യത്തിനായി ദില്ലിയിലാണ് സീന താമസിക്കുന്നത്. സീനയെ അറിയിക്കാതെയാണ് പൊലീസ് എത്തിയത്. അടുത്ത് താമസിക്കുന്ന ബന്ധുക്കളോടും പൊലീസ് വിവരം പറഞ്ഞില്ല. ഒരു മാസം മുന്‍പ് താന്‍ വീട് വാടകയ്ക്ക് നല്‍കിയിരുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് പൊലീസ് ഈ വീട്ടിലെത്തിയത്. വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കടന്നിരുന്നു. വീട് വാടകയ്ക്ക് കൊടുത്തിരുന്നുവെങ്കിലും ആഭരണങ്ങളും മറ്റും വീട്ടില്‍ സൂക്ഷിച്ചിരുന്നു. ലിപിന്‍ ജോസഫ് എന്ന, കൊച്ചിയിലെ ഗുണ്ടാ തലവനായ ഭായ് നസീറിന്റെ സംഘത്തില്‍ പെട്ടയാളെ ആയുധം കൈവശം വെച്ച സംഭവത്തില്‍ പൊലീസ് തിരയുന്നുണ്ടായിരുന്നു. ടവര്‍ ലൊക്കേഷന്‍ പ്രകാരം വടുതലയിലെ വീട്ടിലായിരുന്നു പ്രതി ഉണ്ടായിരുന്നതെന്ന് ഞാറയ്ക്കല്‍ പൊലീസ് പറയുന്നു. ഇത് അനുസരിച്ചാണ് പുലര്‍ച്ചെ വീട്ടിലെത്തിയതെന്നും പൊലീസ് പറയുന്നു.
ആലപ്പുഴ സ്വദേശിയായ വിഷ്ണുവിനാണ് സീന വീട് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. എസ്എഫ്ഐ പ്രവര്‍ത്തകനായ ഇയാള്‍ നേരത്തെ ചില കേസുകളില്‍ പ്രതിയാണെന്ന സംശയമുണ്ട്. ലിപിന്‍ ജോസഫും വിഷ്ണുവും ഈ വീട്ടില്‍ ആണ് താമസിച്ചിരുന്നതെന്നാണ് പൊലീസ് നിഗമനം. അതേസമയം വീട് സൈമണ്‍ ബ്രിട്ടോയുടേത് ആയിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. വീട് തുറക്കുന്ന സമയത്ത് സമീപ വാസിയായ സ്ത്രീയെ പൊലീസ് ഒപ്പം നിര്‍ത്തിയിരുന്നു. പ്രതി ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനം ഈ വീട്ടില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു.


