വഴയിലയില്‍ മണിച്ചന്റെ കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലെ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണെന്ന് റിപ്പോര്‍ട്ട്. മണിച്ചനെ കൊലപ്പെടുത്തിയത് ചുറ്റികകൊണ്ട് തലക്കടിച്ചാണ്.
പ്രതികള്‍ക്ക് മണിച്ചനുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ആറ് മാസം മുമ്പ് പ്രതികളും മണിച്ചനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മുന്‍പ് ഉണ്ടായിരുന്ന വഴക്ക് പരിഹരിക്കാന്‍ ഒരുമിച്ച് കൂടിയതായിരുന്നു പ്രതികള്‍. തുടര്‍ന്ന് പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മണിച്ചനേയും ഹരികുമാറിനേയും പ്രതികള്‍ മര്‍ദിക്കുകയായിരുന്നു.
മദ്യപാനത്തിനിടെ മണിച്ചല്‍ പ്രശ്നമുണ്ടാക്കിയാല്‍ ആക്രമിക്കാനായി പ്രതികള്‍ ചുറ്റിക കയ്യില്‍ കരുതിയിരുന്നു. ഈ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചാണ് മണിച്ചനെ കൊലപ്പെടുത്തിയത്. പ്രതി ദീപക് ഡ്രൈവറാണ്. അരുണ്‍ വെല്‍ഡിങ് തൊഴിലാളിയാണ്.
ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. ആറാംകല്ലിലെ ആരാമം ലോഡ്ജില്‍ നാലുപേര്‍ മുറിയെടുത്ത് മദ്യപിക്കുകയായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടാകുകയും ഇത് അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന ദീപക്കിന്റേയും അരുണിന്റേയും ആക്രമണത്തില്‍ പരുക്കേറ്റ മണിച്ചനേയും ഹരികുമാറിനേയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെ മണിച്ചന് മരിക്കുകയായിരുന്നു.
2011ലെ ഒരു ഇരട്ടകൊലപാതക കേസ് പ്രതിയാണ് മണിച്ചന്. നാലുപേരും ലോഡ്ജിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹരികുമാറിന്റെ നില ഗുരുതരമായി തുടരുകയാണ്.


