കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. കൊടകരയില്‍ പണം കവര്‍ച്ച ചെയ്ത വാഹനത്തിന്റെ ഉടമയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ധര്മരാജന് മുറി എടുത്ത് നല്‍കിയിരുന്നുവെന്ന് ചോദ്യം ചെയ്യലിന് ശേഷം കെകെ അനീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പക്ഷേ ആ പണം ബിജെപിയുടേതല്ല. കുഴല്‍പ്പണ കവര്‍ച്ചയിലും ബിജെപിക്ക് പങ്കില്ല. കവര്‍ച്ചാ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നും അനീഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് ധര്മരാജന് എത്തിയത്. പണം ഉള്ളതായി അറിയില്ലായിരുന്നു. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ പാര്‍ട്ടിക്ക് കൈമാറുകയും ചെയ്തു. പ്രതി ദീപക്കിനോട് കവര്‍ച്ചയെ കുറിച്ച് ചോദിച്ചിരുന്നു. ബിജെപിക്കെതിരെ ആരോപണം വന്നപ്പോള്‍ കണ്ണൂരില്‍ പോയി സമാന്തര അന്വേഷണം നടത്തിയെന്നും അനീഷ് കുമാര്‍ പറഞ്ഞു.
കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ പ്രതികള്‍ ബിജെപിയുടെ തൃശൂരിലെ ഓഫീസിലെത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളായ രഞ്ജിത്ത്, ദീപക് എന്നിവരാണ് തൃശൂര്‍ ബിജെപി ഓഫീസിലെത്തിയത്. തെരഞ്ഞെടുപ്പിന് ശേഷമാണ് ഇവര്‍ എത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ബിജെപി നേതാക്കള്‍ ഇവരെ വിളിച്ചു വരുത്തിയതാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ബിജെപി ഓഫീസിലെ സിസിടിവി ക്യാമറയും പരിശോധിക്കും. മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. 17 ലക്ഷം രൂപ എവിടെ ഒളിപ്പിച്ചെന്നാണ് ചോദിച്ചറിയുന്നത്.


