മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെക്കുറിച്ച് നിര്‍ണായക സൂചന കിട്ടിയതായി പൊലീസ്. സംശയമുള്ള ഒരാളെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്. സംഭവം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാത്തത് പൊലീസിന് വലിയ നാണക്കേടായി നില്‍ക്കവേയാണ് നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത്. യുവതിയെ ആക്രമിച്ച ശേഷം പ്രതി രക്ഷപ്പെട്ട വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് കിട്ടിയത്.
ആക്രമണത്തിനു ശേഷം പ്രതി തിരികെ പോയ വഴി പൊലീസ് മനസ്സിലാക്കിയിരുന്നു. എല്‍എംഎസ് ജംഗ്ഷനില്‍ നിന്ന് നന്ദാവനം വഴി ബേക്കറി ജംഗ്ഷനിലൂടെ പാളയത്തിലേക്ക് പോയ പ്രതി തിരികെ മ്യൂസിയത്തിലേക്ക് എത്തുകയും അവിടെ നിന്ന് മാവീയം വീഥി വഴി വഴുതക്കാടേക്ക് കടക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ കാറില്‍ വന്നിറിങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് സ്ത്രീയുടെ മൊഴി. നല്ല പൊക്കവും ശരീരക്ഷമയുമുള്ള ആളാണ് ആക്രമിയെന്നും യുവതി പറയുന്നു. മൊഴിയും സിസിടിവി ദൃശ്യങ്ങളും അനുസരിച്ചാണ് അന്വേഷണം. സംശയമുള്ളവരെ കഴിഞ്ഞ ദിവസങ്ങളില്‍ മ്യൂസിയം സ്റ്റേഷനില്‍ കൊണ്ടുവന്ന പരാതിക്കാരിയുടെ സാന്നിധ്യത്തില്‍ തിരിച്ചറിയില്‍ പരേഡ് നടത്തി. പക്ഷെ ആക്രമി ഇക്കൂട്ടത്തില്ലെന്ന് പറഞ്ഞതോടെ ഇവരെ വിട്ടയച്ചു.
കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മ്യൂസിയം സ്റ്റേഷന് സിഐയും എസ് ഐയുമാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. തിരുവനന്തപുരം ഡിസിപിയ്ക്കാണ് അന്വേഷണ ചുമതല.


