എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞുവെന്ന് എഡിജിപി വിജയ് സാഖറെ. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. പ്രതിയെ ഉടന്‍ പിടികൂടാനാവുമെന്നാണ് സാധിക്കുമെന്നാണ് കരുതുന്നതെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ഒരാള്‍ മാത്രമാണ് അക്രമത്തില്‍ പങ്കെടുത്തതെന്നാണ് വ്യക്തമാവുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര് പങ്കാളികളാണോയെന്ന് അന്വേഷിക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.
എകെജി സെന്ററിന് നേരെയെറിഞ്ഞത് പടക്കം പോലുള്ള വസ്തുവെന്ന് നേരത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായത്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ. പരിശോധന നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.
കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് സ്ഫോടക വസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞ ശേഷം തിരിച്ച് തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം ഓടിച്ച് പോവുകയും ചെയ്തു. പ്രദേശത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് എല്‍ഡിഎഫ് ആരോപണം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് തള്ളി.എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ നാടകമെന്ന് കെ സുധാകരന് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി ഇപി ജയരാജന് വ്യക്തിപരമായി ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നും ഇതില്‍ സിപിഐഎമ്മിന് പങ്കുണ്ടെന്ന് പറയുന്നില്ലെന്നും കെ സുധാകരന് പറഞ്ഞു.


