അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ യുവാവിനെ അടിച്ച് കൊലപ്പെടുത്തി. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (22) ആണ് കൊല്ലപ്പെട്ടത്. നന്ദകിഷോറിന്റെ സുഹൃത്ത് കണ്ണൂര്‍ സ്വദേശി വിനായകന് മര്‍ദനമേറ്റു.
നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.
വിനായകന് കുറച്ചുനാളായി അട്ടപ്പാടിയിലാണ് താമസം. തോക്ക് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ നാല് പേരില്‍ നിന്നായി പണം വാങ്ങിയിരുന്നു. നന്ദകിഷോറാണ് ഇടനിലക്കാരനായി നിന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും തോക്ക് നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല.
ഇതോടെ നാല് പേരും ചേര്‍ന്ന് രണ്ട് യുവാക്കളെയും വിളിച്ചു വരുത്തി മര്‍ദിക്കുകയായിരുന്നു. നന്ദകിഷോര്‍ മര്‍ദനത്തെ തുടര്‍ന്ന് മരിച്ചു. വിനായകന് പരിക്കുകളോടെ ചികിത്സയിലാണ്.


