തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പരാതിയില്‍ അധ്യാപകന് അറസ്റ്റില്‍. ഡോ. എസ് സുനില്‍ കുമാറിനെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ നിന്നാണ് പിടികൂടിയത്. അധ്യാപകനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. പീഡന കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ സ്കൂള്‍ ഓഫ് ഡ്രാമ ഡീന്‍ എസ് സുനില്‍ കുമാറിനെ യൂണിവേഴ്സിറ്റി സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇതിനിടെ സുനില്‍ നേരത്തെയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന ആരോപണവുമായി നടി ദിവ്യ ഗോപിനാഥ് രംഗത്ത് വന്നു. വാട്സാപ്പില്‍ സുനില്‍ കുമാര്‍ അയച്ച മെസ്സേജുകള്‍ പങ്ക് വെച്ച് കൊണ്ടാണ് ആരോപണം ഉന്നയിച്ചത്.
ഇതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഡബ്ല്യുസിസിയും രംഗത്തെത്തി. വിഷയം ഗൗരവപ്പെട്ടതാണെന്നും കലാ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് ഈ സംഭവമെന്നും ഡബ്ല്യുസിസി ഫേസ്ബുക്കില്‍ കുറിച്ചു.
ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ഥിനിയെ സുനില്‍ കുമാര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കി എന്നാണ് പരാതി. ഓറിയന്റേഷന്‍ ക്ലാസ്സിസിനിടെ താല്‍ക്കാലിക അധ്യാപകന് പരാതിക്കാരിയായ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയിരുന്നു. തുടര്‍ന്ന് സ്കൂള്‍ ഓഫ് ഡ്രാമ ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതി നല്കി.
തുടര്‍ന്ന് പെണ്‍കുട്ടിക്ക് ധാര്‍മിക പിന്തുണയുമായി അധ്യാപകനായ സുനില്‍കുമാര്‍ എത്തി. പിന്നീട് സൗഹൃദം മുതലെടുത്ത് എസ് സുനില്‍കുമാര്‍ പെണ്‍കുട്ടിയെ പീഡത്തിനിരയാക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.


