കര്‍ണാടകയിലെ സര്‍ക്കാര്‍ കോളജുകളിലുള്ള ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹര്‍ജികളില്‍ രാവിലെ 10.30 നാണ് കര്‍ണാടക ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയുക.
വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരമായ ബംഗളുരുവില്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം. വിധി വരുന്ന പശ്ചാത്തലത്തില്‍ ബംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണര്‍ കമാല്‍ പന്ത് അറിയിച്ചു. നാളെ മുതല്‍ 21 വരെയാണ് നിരോധനാജ്ഞ.
ആഹ്ലാദപ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവയ്ക്കെല്ലാം സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ച് 11ദിവസമാണ് വാദം കേട്ടത്. വിധി വരുംവരെ ക്ലാസ് മുറികളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.