പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടി. എല്‍ജിഎസ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയത് ഹൈക്കോടതി റദ്ദാക്കി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരായ അപ്പീലിലാണ് നടപടി. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടമാക്കുമെന്ന് പി.എസ്.സി സമര്‍പ്പിച്ച അപ്പീലിലില്‍ വ്യക്തമാക്കിയിരുന്നു.
റാങ്ക് പട്ടികകളുടെ കാലാവധി സംബന്ധിച്ച് പിഎസ്.സി വ്യവസ്ഥകള്‍ മുന്‍പ് കോടതികള്‍ അംഗീകരിച്ചതാണെന്നും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ പരീക്ഷ നടക്കാതിരിക്കുകയോ ചെയ്താല്‍ മാത്രമാണ് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കേണ്ടതെന്നും അപ്പീലില്‍ പി.എസ്.സി പറഞ്ഞിരുന്നു.
പി.എസ്.സിയുടെ നിലപാട് ശരിയെന്ന് തെളിഞ്ഞതായി പി.എസ്.സി ചെയര്മാന് വിധിക്ക് പിന്നാലെ അവകാശപ്പെട്ടു. പി.എസ്.സി വിശ്വസിക്കുന്നത് തുല്യ നീതിയിലെന്നും എം.കെ. സക്കീര്‍ പറഞ്ഞു.
ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗമാണ് പുതിയ റാങ്ക് ലിസ്റ്റ് നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. പത്താംതരവും പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള നിയമനങ്ങള്‍ക്കുള്ള പ്രാഥമിക പൊതു പരീക്ഷ കഴിഞ്ഞിരുന്നു. രണ്ടാം പരീക്ഷയും നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
റാങ്ക് ലിസ്റ്റ് നീട്ടേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ ആവശ്യ പ്രകാരമല്ലാതെ പി.എസ്.സിക്ക് റാങ്ക് ലിസ്റ്റ് നീട്ടാനാകില്ല. ഒരു റാങ്ക് ലിസ്റ്റു മാത്രം നീട്ടണമെന്ന നിലപാടെടുക്കാന്‍ പി.എസ്.സിക്ക് കഴിയില്ലെന്നും യോഗം വിലയിരുത്തിയിരുന്നു.


