രാഷ്ട്രീയ തെരഞ്ഞെടുപ്പിനേക്കാള്‍ വിറും വാശിയുമായി താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പും മാറുകയാണ്. ഇതിനിടെ ഔദ്യോഗിക തെരഞ്ഞെടുപ്പില്‍ പാനലിനെതിരെ മത്സരിക്കുന്ന മണിയന് പിള്ള രാജു നടന് സിദ്ദിഖിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്.
അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്ന് വീരവാദം മുഴക്കിയവരൊന്നും പാനലിലില്ലെന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് സിദ്ദിഖ് ഫേസ്ബുക്കിലിട്ടിരുന്നു. ഫേസ്ബുക്കില്‍ സിദ്ദിഖ് ഇട്ട പോസ്സിനെതിരെയാണ് മണിയന്‍പിള്ള രാജു പ്രതികരിച്ചത്. എതിര് സ്ഥാനാര്‍ഥികള്‍ക്കെതിരെ സിദ്ദിഖ് പോസ്റ്റിട്ടത് ശരിയായില്ലെന്നാണ് മണിയന് പിള്ള രാജു ചാനലുകളോട് വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ എതിര് സ്ഥാനാര്‍ത്ഥികളെ വിമര്‍ശിച്ചതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. അതേസമയം അമ്മയില്‍ മത്സരം നടക്കുന്നത് സംഘടനയില്‍ ഉണര്‍വുണ്ടാക്കിയെന്നും താരം അഭിപ്രായപ്പെട്ടു. ഔദ്യോഗിക പാനലിനെതിരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് മണിയന് പിള്ള രാജു മത്സരിക്കുന്നത്.
അമ്മയില്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഔദ്യോഗിക പാനലിനെ മറ്റ് അംഗങ്ങള്‍ അംഗീകരിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ പതിവിന് വിരുദ്ധമായില മത്സരമുണ്ടായിരിക്കുകയാണ്. ഇക്കുറി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിര്‍വാഹക സമിതിയിലേക്കും മത്സരമുണ്ട്.
പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ ഇക്കുറിയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജോയിന്റ് സെക്രട്ടറിയായി ജയസൂര്യക്കും, ട്രഷററായി സിദ്ദിഖിനും തെരഞ്ഞെടുപ്പില്‍ എതിരാളികളില്ല. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിലവില്‍ മത്സരമുണ്ട്.


