ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് എന്ന ചിത്രത്തിന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രി. ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയാണ് വിവരം അറിയിച്ചത്. 2011നു ശേഷം ഇത് ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ഓസ്കര് എന്‍ട്രി ലഭിക്കുന്നത്. വിദേശ ചിത്രങ്ങളുടെ മത്സര വിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെട്ടിരിക്കുന്നത്.
14 അംഗ ജൂറിയാണ് ജല്ലിക്കെട്ടിനെ തിരഞ്ഞെടുത്തത്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആര്. ജയകുമാര്‍ തിരക്കഥയെഴുതിയ ജല്ലിക്കട്ട് മുന്‍നിര സിനിമകളെ പിന്തള്ളിയാണ് ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രിയായത്. 27 സിനിമകളില്‍ നിന്നാണ് ജല്ലിക്കട്ടിനെ തെരഞ്ഞെടുത്തത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്, ശാന്തി ബാലചന്ദ്രന് തുടങ്ങിയയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ദ ഡിസിപ്പിള്‍, ഛപ്പക്, ഗുഞ്ജന്‍ സക്സേന, ശിക്കാര, ബിറ്റല് സ്വീറ്റ്, ബുല്‍ബുല്‍, ഗുലാബോ സിതാബോ, ഛലാങ്, മലയാളി സംവിധായിക ഗീതു മോഹന്‍ദാസിന്റെ മൂത്തോന് എന്നീ സിനിമകളെയൊക്കെ മറികടന്നാണ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിന് ഓസ്കര് എന്‍ട്രി ലഭിച്ചത്.
രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു ആണ് മലയാളത്തില്‍ നിന്നും ആദ്യമായി ഓസ്കര് എന്‍ട്രി ലഭിച്ച ചിത്രം. 2011ല്‍ ആദാമിന്റെ മകന് അബു എന്ന സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിന് ഇന്ത്യയില്‍ നിന്ന് ഓസ്കര് എന്‍ട്രി ലഭിച്ചു. കഴിഞ്ഞ വര്‍ഷം സോയ അക്തറിന്റെ ഗല്ലിബോയി ആയിരുന്നു ഓസ്കറിലെത്തിയ ഇന്ത്യന്‍ ചിത്രം. എന്നാല്‍ നോമിനേഷന് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചില്ല. 2021 ഏപ്രില്‍ 25നാണ് ഓസ്കര് പ്രഖ്യാപനം.
ലിജോയുടെ ഏഴാമത്തെ സിനിമയാണ് ജല്ലിക്കട്ട്. ആന്റണി വര്‍ഗീസ്, സാബുമോന് അബ്ദുല്‍ സമദ് തുടങ്ങി ഒരുപിടി മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. നേരത്തെ, ആമേന്‍, അങ്കമാലി ഡയറീസ്, ഈ.മ.യൗ തുടങ്ങിയ ശ്രദ്ധേയമായ പല സിനിമകളും ലിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരുന്നു.
കഥാകൃത്ത് എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയാണ് സിനിമയുടെ ഇതിവൃത്തം. എസ് ഹരീഷും ആര് ഹരികുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് സിനിമാട്ടോഗ്രാഫി. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിലടക്കം പ്രദര്‍ശിപ്പിച്ച സിനിമ ഒരുപിടി പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. തീയറ്ററുകളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.


