കട്ടപ്പന: സിനിമയില്‍ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസില്‍ തിരുവനന്തപുരം മഞ്ഞമല തോന്നയ്ക്കല്‍ താറാവിളവീട്ടില് സുരേഷ് കുമാറിനെ(49) കട്ടപ്പന ഡിവൈ.എസ്.പി. നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. നിരവധി യുവതികളെ സിനിമാ മേഖലയില്‍ ജോലി വാഗ്ദാനംചെയ്തു പീഡിപ്പിക്കുകയും വന്‍തുക തട്ടിയെടുക്കുകയും ചെയ്തയാളാണ് അറസ്റ്റിലായ സുരേഷ്
കട്ടപ്പന കോഴിമല സ്വദേശിയായ യുവതിയെ സിനിമയില്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി വാങ്ങിക്കൊടുക്കാം എന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷിച്ചെത്തിയെങ്കിലും പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. അന്വേഷണത്തിനിടെ കഴിഞ്ഞദിവസം പ്രതി തിരുവനന്തപുരത്തെ വീട്ടിലെത്തിയതായി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന് വിവരം ലഭിച്ചിരുന്നു.
പ്രതി മുന്‍പ് തിരുവനന്തപുരം പാറശ്ശാല, പോത്തന്‍കോട്, തൃശ്ശൂര്‍ ഈസ്റ്റ് എറണാകുളം ചേരാനല്ലൂര്‍ എന്നീ ഭാഗങ്ങളില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. എസ്.ഐ.മാരായ എം.പി.മോനിച്ചന്, ഡിജു ജോസഫ്, എസ്.സി.പി.ഒ. സുമേഷ് തങ്കപ്പന് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.