തിരുവനന്തപുരം: സംഗീത സംവിധായകന് രമേശ് നാരായണ്‍ വിഷയത്തില്‍ തനിക്ക് യാതൊരു വിഷമവുമില്ലെന്നും ആസിഫ് അലി. അദ്ധേഹം തന്നെ മനഃപൂര്‍വം അപമാനിച്ചതല്ല, തന്നെ വിളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നുവെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം സെന്റ് അല്‍ബേര്‍ട്സ് കോളേജില്‍ പുതിയ സിനിമയുടെ പ്രചരണാര്‍ത്ഥം എത്തിയതായിരുന്നു ആസിഫ് അലി.
തന്റെ മേലുള്ള സ്നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുതെന്നും അത് തന്റെ അപേക്ഷയാണെന്നുമായിരുന്നു ആസിഫ് അലി പ്രതികരിച്ചത്. രമേശ് നാരായണ്‍ അനുഭവിക്കുന്ന വിഷമം തനിക്ക് മനസിലാകും. സിനിമയുമായി ഒരു ബന്ധവുമില്ലാതെ വന്ന്, നിങ്ങളുടെയെല്ലാം സ്നേഹം അനുഭവിക്കാന്‍ പറ്റുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും ആസിഫ് അലി പറഞ്ഞു
ലോകത്തുള്ള എല്ലാ മലയാളികളും എനിക്ക് ഒരു പ്രശ്നം വന്നുവെന്ന് പറഞ്ഞപ്പോള്‍ കൂടെയുണ്ടായി എന്നത് സന്തോഷമാണ്. അദ്ദേഹം ജയരാജിന്റെ കയ്യില്‍നിന്നാണ് മൊമെന്റോ സ്വീകരിക്കാന്‍ ആഗ്രഹിച്ചത്. അദ്ദേഹം വന്നപ്പോള്‍ തന്നെ എന്റെ റോള്‍ കഴിഞ്ഞു. ഞാന്‍ അത് കാര്യമായെടുത്തിട്ടില്ലെന്നും ഈ വിഷയം ഇവിടെ അവസാനിപ്പിക്കണം’, എന്നും ആസിഫ് അലി പറഞ്ഞു. ഇന്നലെ അദ്ദേഹം വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ല. ശേഷം ‘മോനെ കോള്‍ ബാക്ക്’ എന്ന മെസ്സേജ് കണ്ട് അദ്ദേഹത്തെ വിളിക്കുമ്പോള്‍ ശബ്ദം ഇടറുന്നുണ്ടായിരുന്നുവെന്നും ആസിഫ് പറഞ്ഞു.