മലയാളികളുടെ പ്രിയതാരം നിമിഷ സജയന് ബോളിവുഡിലേക്ക്. തൊണ്ടി മുതലും ദൃക്സാക്ഷിയും, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, നായാട്ട് തുടങ്ങി സിനിമകളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് നിമിഷ.
ദേശീയ പുരസ്കാര ജേതാവ് ഒനിറാണ് നിമിഷയെ ബോളിവുഡിലേക്ക് കൊണ്ടുവരുന്നത്. വി ആര് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുക. പ്രശസ്തമായ അന്തോളജി സീരീസായ ഐ ആമിന്റെ സീക്വല്‍ ആണിത്. സിനിമയുടെ ചിത്രീകരണം സെപ്തംബറില്‍ തുടങ്ങിയേക്കുമെന്നാണ് വിവരം. നാല് ഷോര്‍ട്ട്ഫിലിമുകള്‍ ചേര്‍ത്തുള്ള ആന്തോളജി സീരീസായിരുന്നു ഐ ആം. ബാല പീഡനം, ഗേ റൈറ്റ് തുടങ്ങിയ വിഷയങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്തത്.
ഫഹദ് ഫാസിലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം മാലിക്കാണ് നിമിഷയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആമസോണിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍ ആണ് നിമിഷ നായികയാകുന്ന മറ്റൊരു സിനിമ. ആദില്‍ ഹുസൈനാണ് ചിത്രത്തില്‍ നായകനാവുന്നത്.


