ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യാൻ ഹാജരായ നടൻ സിദ്ദിഖ് മടങ്ങി. രണ്ടര മണിക്കൂറിന് ശേഷമാണ് സിദ്ദിഖ് മടങ്ങിപ്പോയത്. എന്നാല്‍ ബലാത്സംഗ കേസിൽ ഇന്ന് വിശദമായ ചോദ്യം ചെയ്യൽ നടന്നിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.വിശദമായ ചോദ്യം ചെയ്യൽ അല്ല പകരം പ്രാഥമികമായ വിവരശേഖരണമാണ് നടക്കുന്നതെന്നും അതിന് ശേഷം അദ്ദേഹത്തെ വിട്ടയക്കുമെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം കന്റോള്മെന്റ്റ് സ്റ്റേഷനിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ നടന്നത്.
അക്കാര്യങ്ങള്‍ ചോദിച്ചതല്ലാതെ മൊഴിയെടുപ്പിലേക്ക് കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. ഈ മാസം 12 ശനിയാഴ്ച വീണ്ടും ഹാജരാകാനും സിദ്ദിഖിന് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കും എന്നായിരുന്നു സിദ്ദിഖിന്റെ നിലപാട്. അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ സിദ്ദിഖ് ഹാജരാകാൻ തീരുമാനിച്ചത്.