അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം ജയസൂര്യയും നാദിര്‍ഷയും ഒന്നിക്കുന്ന ചിത്രം ഈശോയുടെ പുതിയ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കോരി ചൊരിയുന്ന മഴയില്‍ ഹൂഡ് അണിഞ്ഞ് നില്ക്കുന്ന ജയസൂര്യയും തൊട്ടുപിറകിലായി ജാഫര്‍ ഇടുക്കിയുമാണ് പോസ്റ്ററില്‍ ഉള്ളത്. നേരുത്തെ ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈന്‍ വെച്ച് പോസ്റ്റർ റിലീസ് ചെയ്തിരുന്നു എന്നാൽ ഇപ്പോൾ അത് ഒഴിവാക്കിയിട്ടുണ്ട്. ജയസൂര്യ, നാദിര്‍ഷ തുടങ്ങിയവര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഈശോ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി ക്രിസ്തീയ സംഘടനകള്‍ എത്തിയിരുന്നു. ക്രിസ്തീയ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിൻ്റെ പേരെന്നാണ് സംഘടനകൾ ഉന്നയിച്ചിരുന്നത്. എന്നാല്‍ നിലവില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തിൻ്റെ പേരില്‍ സിനിമകളുടെ പേര് മാറ്റില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കി. താന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല. ഇത് വെറും കഥാപാത്രത്തിൻ്റെ പേര് മാത്രമാണ്. അതിനാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ തൻ്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് വിഷമം ഉണ്ടാക്കിയതിനാല്‍ മാത്രം ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈന്‍ മാത്രം ഒഴുവാക്കുന്നു എന്ന് നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.
സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണന് പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ അരുണ്‍ നാരായണനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- ബാദുഷ, ബിനു സെബാസ്റ്റ്യന്‍.


