കുടുംബ പ്രേക്ഷകരുടെ മനസ് കീഴടക്കി ‘ഖെദ്ദ’ തീയേറ്ററില്‍ മുന്നേറുന്നു. സാമൂഹിക പ്രതിബദ്ധതയും കലാമൂല്ല്യമുള്ളതുമായ പ്രമേയത്തെ പ്രേക്ഷക ഹൃദയം കീഴടക്കുന്ന വിധം മനോഹരമായി അവതരിപ്പിച്ച് കയ്യടി നേടുകയാണ് ചിത്രം. ഇക്കാലഘട്ടത്തില്‍ കുടുംബങ്ങളില്‍ സംഭവിക്കുന്ന പ്രശ്നങ്ങളെ കൃത്യമായി വരച്ചിടുന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ക്ക് ‘മസ്റ്റ് വാച്ച്’ ആയി മാറുകയാണ്.
ഖെദ്ദ എന്ന വാക്ക് സൂചിപ്പിക്കുന്നത് പോലെ കെണിയില്‍ വീണു പോകുന്നവരുടെ കഥയാണ് സിനിമ പറയുന്നത്. ജീവിതക്കെണിയും അതിന്റെ ഉള്ളുലച്ചിലുകളും സിനിമ ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കുന്നുണ്ട്.
ആശാ ശരത്തും മകള്‍ ഉത്തര ശരത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത്, സരയു തുടങ്ങിയവരും പ്രധാന താരങ്ങളായി എത്തുന്നുണ്ട്. കഥാപാത്രങ്ങക്കെല്ലാം അഭിനയിക്കാന്‍ കൃത്യമായ സ്പേസ് നല്കുന്ന ചിത്രം അഭിനയ മികവുകൊണ്ട് കൂടി ശ്രദ്ധേയമാവുകയാണ്. നൃത്ത പ്രകടങ്ങളിലൂടെ നേരത്തെ ശ്രദ്ധേയയായ ഉത്തരയുടെ അഭിനയ രംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പാണ് ചിത്രം. തുടക്കക്കാരിയുടെ പരിഭ്രമമേതുമില്ലാതെ കഥാപാത്രത്തെ ശ്രദ്ധേയമാക്കാന്‍ ഉത്തരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ചിത്രത്തിന്റെ സംവിധാനം മനോജ് കാനയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സംവിധായകന് തന്നെയാണ്. നേരത്തെ കെഞ്ചിറ എന്ന ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധേയനായ മനോജ് കാന കെഞ്ചിറയിലൂടെ നിരവധി പുരസ്കാരങ്ങളും നേടിയെടുത്തിട്ടുണ്ട്. ജീവിത കെണികളില്‍ വീണ് പോകുന്നവരുടെ സംഘര്‍ഷാവസ്ഥയും കുടുംബ സാഹചര്യങ്ങളും ജീവിത പരിസരവും മികവുറ്റതായി അവതരിപ്പിക്കുന്നത് ചിത്രത്തെ കുടുംബ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. മാതൃത്വം, സ്നേഹം, പ്രണയം തുടങ്ങി പല ജീവിതാവസ്ഥകളിലൂടെയുള്ള യാത്ര കൂടിയാണ് ‘ഖെദ്ദ’.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതാപ് പി. നായരാണ്. ബിജിബാലിന്റേതാണ് പശ്ചാത്തല സംഗീതം. ശ്രീവത്സന്‍ ജെ. മേനോന് ഈണമിട്ട് മനോജ് കുറൂര്‍ എഴുതിയ ഗാനം ശ്രദ്ധേയമാണ്.


