ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടപ്പള്ളി വൈറ്റില ദേശീയ പാതയില്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ ദേശീയ പാത ഉപരോധിച്ചതോടെ വലിയ ഗതാഗതക്കുരുക്ക് രൂപ്പപെട്ടു. പ്രതിഷേധത്തിനെതിരെ നടന് ജോജു ജോര്‍ജും രംഗത്തെത്തി. പ്രതിഷേധിച്ച ജോജുവിന്റെ കാര്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന് ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനത്തിന്റെ പിന്‍വശത്തെ ചില്ല് തകര്‍ത്തു. സമരത്തിനിടെ വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ജോജുവിന്െര് കാര്‍ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സിഐ വാഹനത്തില്‍ കയറി ഡ്രൈവ് ചെയ്ത് ജോജുവിനെ പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് ജോജുവിനെതിരെ പൊലീസില്‍ പരാതി നല്കുമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. മദ്യപിച്ച് ജോജു ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് എറണാകുളം ഡിസിസി അധ്യക്ഷന്‍ ഷിയാസ് പ്രതികരിച്ചു.
ഗതാഗതം തടസപ്പെട്ടതോടെ കാറില്‍ യാത്രചെയ്യുകയായിരുന്ന നടന് ജോജു ജോര്‍ജ് പുറത്തേക്കിറങ്ങുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ജോജു വാക്കേറ്റമുണ്ടായി. കോണ്‍ഗ്രസിനെ നാണം കെടുത്താനുള്ള സമരമുറയാണിതെന്ന് ജോജു ജോര്ജു കുറ്റപ്പെടുത്തി. ഷോ കാണിക്കാന്‍ വേണ്ടി ഇറങ്ങിയതല്ലെന്നും സാധാരണക്കാരായ നിരവധിയാളുകള്‍ റോഡില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ജോജു ജോര്‍ജ് പറഞ്ഞു. വഴിതടഞ്ഞുള്ള സമരത്തിനെതിരെ ജോജുവിനൊപ്പം നാട്ടുകാരും ചേര്‍ന്നു.
രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു പറഞ്ഞു.
രണ്ട് മണിക്കൂറായി ആളുകള്‍ കിടന്ന് കഷ്ടപ്പെടുകയാണെന്നും ഒരു മര്യാദ വേണ്ടേ എന്നും ജോജു ജോര്‍ജ് ചോദിച്ചു. നൂറ് കണക്കിന് വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. സാധാരണക്കാരനെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്താണ് അവര്‍ നേടുന്നതെന്നും ജോജു ചോദിച്ചു.
‘ഇത്തരം സാഹചര്യങ്ങള്‍ ഇനി മേലില്‍ ആവര്‍ത്തിക്കരുത്. രോഗികളടക്കം നിരവധിയാളുകളാണ് കുടുങ്ങിക്കിടക്കുന്നത്’. താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ലെന്നും സമരം നടത്തിയെന്നുകരുതി പെട്രോളിന്റെ വിലയൊന്നും കുറയാന്‍ പോകില്ലെന്നും ജോജു പറഞ്ഞു. സമരക്കാരുടെ പ്രകോപനത്തിനിടെ ജോജുവിന് പരുക്കേറ്റു. വാഹനത്തിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തതിനിടെ മുറിവ് പറ്റുകയായിരുന്നു. ജോജു ജോര്‍ജിനെ മരട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
മദ്യപിച്ചെത്തിയ നടന് സമരം അലങ്കോലപ്പെടുത്തിയെന്നും സമരം നടത്തിയത് മുന്‍കൂട്ടി അനുമതി വാങ്ങിയതാണെന്നും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടെ അധിക്ഷേപിച്ചെന്നും ജോജുവിനെതിരെ പരാതി നല്‍കുമെന്നും ഡിസിസി അധ്യക്ഷന്‍ പ്രതികരിച്ചു.