ബലാത്സംഗക്കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ്. കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് സിദ്ദിഖ് ഒളിവ് ജീവിതം അവസാനിപ്പിച്ചത്.
അതിനിടെ, ബലാത്സംഗക്കേസിൽ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നിയമോപദേശം തേടി. സുപ്രീംകോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം ആശയക്കുഴപ്പത്തിലായത്. തുടർനടപടികൾ ചർച്ച ചെയ്യാൻ എസ്ഐടി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രണ്ടാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്യണോ എന്ന കാര്യത്തിലാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്റെ ഓഫീസിനോട് പൊലീസ് നിയമോപദേശം തേടിയത്. അതേസമയം, രണ്ടുദിവസത്തിനുളളിൽ പൊലീസ് നോട്ടീസ് നൽകിയില്ലെങ്കിൽ സ്വമേധയാ ഹാജരാകാൻ സിദ്ദിഖിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.meet-lawyer