ഗുവാഹത്തി: സംസ്ഥാനത്ത് പുതിയ ജനസംഖ്യാനയം ക്രമേണ നടപ്പാക്കാനൊരുങ്ങി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉളളവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലികള്‍ക്ക് അര്‍ഹതയുണ്ടാവില്ല. ഇവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ അംഗങ്ങളാവാനോ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാവാനോ കഴിയില്ലെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം തേയിലത്തോട്ട തൊഴിലാളികള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ എന്നിവരെ ഈ മാനദണ്ഡങ്ങളുടെ പരിധിയില്‍നിന്നും ഒഴിവാക്കും.
വായ്പ എഴുതിത്തള്ളലിനും മറ്റു സര്‍ക്കാര്‍ പദ്ധതികള്‍ക്കും ജനസംഖ്യാ മാനദണ്ഡങ്ങള്‍ കണക്കിലെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇത് തേയിലത്തോട്ട തൊഴിലാളികള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ബാധകമല്ല. ദാരിദ്ര്യം കുറയ്ക്കുന്നതിന് ജനസംഖ്യാ നിയന്ത്രണത്തിനായി മാന്യമായ കുടുംബാസൂത്രണ നയം സ്വീകരിക്കണമെന്ന് ന്യൂനപക്ഷ സമുദായങ്ങളോട് മുഖ്യമന്ത്രി നേരത്തെ അഭ്യര്‍ത്ഥിച്ചത് വിവാദമായിരുന്നു. സംസ്ഥാനത്തെ ജനസംഖ്യ ഇനിയും പെരുകിയാല്‍ താമസിക്കാനുള്ള സ്ഥലത്തെച്ചൊല്ലി തര്‍ക്കമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു,
അതേസമയം, ജനസംഖ്യ ഉയരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ കോണ്‍ഗ്രസ് തള്ളി. അസമിലെ സ്ത്രീകളുടെ പ്രത്യുത്പാദന നിരക്ക് 2015-16 കാലയളവിലെ 2.2ല്‍ നിന്ന് 2020-21ല്‍ 1.9 ആയി കുറഞ്ഞിട്ടുണ്ട്. അതിനാൽ അസമിലെ ഭാവിയിലെ ജനസംഖ്യ നിലവിലത്തേക്കാൾ കുറവായിരിക്കും എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. കഴിഞ്ഞ മേയ് 10നാണ് ഹിമന്തയുടെ നേതൃത്വത്തില്‍ ബി.ജെ.പി. സഖ്യ സര്‍ക്കാര്‍ വീണ്ടും അസമില്‍ അധികാരത്തിലേറിയത്.


