കൊല്ലം: ചാത്തന്നൂരിൽ കുഞ്ഞിനെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക്ക് കാമുകന് സ്വന്തം ബന്ധുക്കള്‍ എന്നറിഞ്ഞ നടുക്കം മാറാതെ രേഷ്മ. അതെ സമയം, രേഷ്മ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തിരുന്ന മറ്റൊരു യുവാവ് ക്വട്ടേഷന്‍ ആക്രമണത്തെ തുടര്‍ന്ന് ജയിലിൽ കഴിയുകയാണെന്ന് പുതിയ കണ്ടെത്തൽ.
ബിലാല്‍ എന്ന പേരില്‍ ചാറ്റ് ചെയ്തിരുന്ന ഇയാളുടെ പേര് അനന്തു പ്രസാദ് എന്നാണെന്നും പോലീസ് കണ്ടെത്തി. വര്‍ക്കലയിലാണ് ഇയാളുടെ വീട്. ഇയാളുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നു രേഷ്മ മൊഴി നല്‍കിയിട്ടുണ്ട്. രേഷ്മ അറസ്റ്റിലാകുന്നതിനു തൊട്ടുമുന്‍പാണ് അനന്തു പ്രസാദ് അറസ്റ്റിലായത്.
വ്യാജ പേരില്‍ ചാറ്റ് ചെയ്ത ബന്ധുക്കളായ യുവതികള്‍ ആത്മഹത്യ ചെയ്തതോടെ കേസ് അവസാനിച്ച അവസ്ഥയില്‍ ആയിരുന്നു. എന്നാല്‍, അതിനിടയിലാണ് പുതിയ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം അന്വേഷണ സംഘം അട്ടക്കുളങ്ങര വനിതാ ജയില്‍ എത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവിൻ്റെ ഫോട്ടോ രേഷ്മയെ കാണിച്ചിരുന്നു. ഇതു ബിലാല്‍ എന്ന പേരുള്ള ഫെയ്സ്ബുക് സുഹൃത്താണെന്നാണ് രേഷ്മ നല്കിയ മൊഴി.


