താമരശ്ശേരി: കോഴിക്കോട് പോക്സോ കേസില്‍ റിമാന്‍ഡിലായ കായികാധ്യാപകന്റെ പീഡനത്തിനിരയായ മറ്റു വിദ്യാര്‍ഥിനികളുടെ രഹസ്യമൊഴിയെടുത്തു. താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) മുമ്പാകെയാണ് വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തിയത്.
കുട്ടികളുടെ മൊഴി മാറ്റാന്‍ ഉന്നത സമ്മര്‍ദം നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പൊലീസ് പരാതിക്കാരുടെ രഹസ്യമൊഴിയെടുക്കാന്‍ തീരുമാനിച്ചത്. കായികാധ്യാപകന് നെല്ലിപ്പൊയില്‍ മീമുട്ടി വട്ടപ്പാറയില്‍ വി.ടി. മിനീഷിനെതിരെ രണ്ട് പോക്സോ കേസുകള്‍ ഉള്‍പ്പെടെ നാല് ലൈംഗികാതിക്രമക്കേസുകളും, ഒരു വിദ്യാര്‍ഥിനിയെ ക്രൂരമായി ദേഹോപദ്രവമേല്പിച്ചതിനു ജുവനൈല്‍ ആക്ട് പ്രകാരം ഒരു കേസുമാണ് താമരശേരി പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.
ഇയാള്‍ കൂടുതല്‍ പേരെ പീഡിപ്പിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. അധ്യാപകന് സൗകര്യമൊരുക്കിക്കൊടുത്ത ചിലരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ വീടുകളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. അറസ്റ്റിനു തൊട്ടു മുമ്പായി ഇരകളില്‍ ചിലരെയും രക്ഷിതാക്കളെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. കായികാധ്യാപകനുമായി ബന്ധപ്പെട്ട് പരിശീലനത്തിനും മത്സരങ്ങള്‍ക്കും പോയ മറ്റു കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടായോ എന്നറിയാന്‍ സ്കൂള്‍ അധികൃതരുമായും രക്ഷിതാക്കളുടെയും മൊഴികൾ ശേഖരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.


