ന്യൂഡല്‍ഹി: രാജ്യത്തെ പ്രാമുഖ പൊതു മേഖലാ ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍. എസ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ ലയനത്തിനു ശേഷം ബാങ്കിംഗ് മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന നിര്‍ണായക നീക്കമാണിത്. ഇതോടെ രാജ്യത്ത് ഇനി 12 പൊതുമേഖല ബാങ്കുകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഇതുവരെ 27 പൊതുമേഖല ബാങ്കുകളാണ് ഉണ്ടായിരുന്നത്. ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിയാണ് ബാങ്കുകളുടെ ലയനത്തിന് തുടക്കമിട്ടത്.
ലയന തീരുമാനം അനുസരിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്കുകള്‍ എന്നിവ തമ്മില്‍ ലയിക്കും. ഇത് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക് ആയിരിക്കും. 17.95ലക്ഷം കോടി രുപയുടെ ഇടപാടാണ് ഈ ബാങ്കുകളിലൂടെ നടക്കുന്നത്.
കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവ തമ്മില്‍ ലയിക്കും. ഇത് മൂന്നാമത്തെ വലിയ ബാങ്ക് ആയിരിക്കും. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, കോര്പറേഷന് ബാങ്ക് എന്നിവ തമ്മിലായിരിക്കും അടുത്ത ലയനം. ഇവ നാലാമത്തെ വലിയ ബാങ്ക് ആയിരിക്കും. ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്കുമായി ലയിക്കും. പത്ത് പൊതു മേഖല ബാങ്കുകള്‍ ലയിച്ച് നാലു ബാങ്കുകളാക്കി മാറ്റി.
ബാങ്കുകളുടെ വീണ്ടെടുക്കാനുള്ള കടം 1,21,076 കോടി രൂപയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. നിര്‍ജീവ ആസ്തികള്‍ അല്ലെങ്കില്‍ കിട്ടാക്കടങ്ങള്‍ 8.65 ലക്ഷം കോടിയില്‍ നിന്ന് 7.90 ലക്ഷം കോടിയായി കുറഞ്ഞതായും കേന്ദ്രമന്ത്രി അറിയിച്ചു.
പുതുതലമുറ ബാങ്കുകള്‍ക്ക് ഉത്തേജനം നല്‍കും. 59 മിനിറ്റില്‍ വായ്പകള്‍ ലഭ്യമാക്കുന്ന പുതിയ നയങ്ങള്‍ കൊണ്ടുവരും. വായ്പാ നടപടികള്‍ ഉദാരമായി സാമ്ബത്തിക മേഖലയ്ക്ക് ഉത്തേജനം നല്‍കുകയാണ് ലക്ഷ്യം. വായ്പ തട്ടിപ്പുകള്‍ നടത്തി മുങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സാമ്ബത്തിക രംഗത്ത് ശക്തമായ അടിത്തറയുണ്ടാക്കാനാണ് ശ്രമം. ഭവന വായ്പ പലിശ നിരക്ക് കുറച്ച് ഉദാരമാക്കി. 3300 കോടിയുടെ സഹായമാണ് ഈ മേഖലയ്ക്ക്. അഞ്ച് ട്രില്യണ്‍ സാമ്ബത്തിക വളര്‍ച്ചയ്ക്കുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.


