സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി രൂപ പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ അവധി യാത്ര ബത്ത ക്യാഷ് വൗച്ചറായി മാറ്റി ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. ഉല്‍സവ കാലത്ത് പതിനായിരം രൂപ പലിശയില്ലാതെ മുന്‍കൂറായി നല്‍കും. കൂടുതല്‍ പണമെത്തിച്ച് വിപണിയെ സജീവമാക്കുകയാണ് ലക്ഷ്യമെന്ന് കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക ഉത്തേജന നടപടികളുടെ അടുത്തഘട്ടം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു.
ഒരു ലക്ഷം കോടി രൂപ വിപണിയില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളാണ് പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേയ്ക്ക് പലിശരഹിത വായ്പയായി 12,000 കോടി രൂപ. ഇതില്‍ 2,500 കോടി രൂപ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഉത്തരാഖണ്ഡിനും ഹിമാചല്‍പ്രദേശിനും. 50 ശതമാനം തുക ആദ്യ ഗുഡുവായി നല്‍കും. ഇത് ചെലവഴിക്കുന്ന മുറയ്ക്ക് ബാക്കി. ധകാര്യകമ്മിഷന് ശുപാര്‍ശ അനുസരിച്ചാകും തുക നിശ്ചയിക്കുക.
ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് 2,000 കോടി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉല്‍സവകാലത്ത് 10,000 രൂപ വീതം മുന്‍കൂറായി നല്‍കും. പലിശയുണ്ടാകില്ല. റുപെ കാര്ഡായാകും തുക നല്‍കുക. മാര്‍ച്ച് 31നകം ചെലവഴിക്കണം. 4,000 കോടി രൂപ ഇതിനായി വേണ്ടിവരും. നാല് വര്‍ഷത്തിലൊരിക്കലുള്ള എല്‍ടിസി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്യാഷ് വൗച്ചറാക്കി നല്‍കും. 12 ശതമാനമോ അതില്‍ കൂടുതലോ ജിഎസ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ ഡിജിറ്റല്‍ ഇടപാടു വഴി ഈ തുക ചെലവഴിക്കാം.
ടിക്കറ്റ് തുകയുടെ മൂന്ന് ഇരട്ടിയും ലീവ് എന്‍ക്യാഷ്മെന്റിന്റെ ഇരട്ടിയുമാകും അനുവദിക്കുക. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 5,675 കോടി രൂപയും പൊതുമഖല ബാങ്കുകളിലും സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്കായി 1,900 കോടി രൂപയും കണ്ടെത്തണം. സംസ്ഥാനങ്ങളും സ്വകാര്യമേഖലയും നടപ്പാക്കിയാല്‍ 28,000 കോടി രൂപ വിപണിയില്‍ ലഭ്യമാകും. റോഡ്, നഗരവികസനം, ജലസേചനം, പ്രതിരോധ ഉല്‍പ്പന്ന നിര്‍മാണം എന്നിവയ്ക്കായി 25,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ കൂടുതലായി ചെലവഴിക്കും.


