കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ചര്‍ച്ചയായ വ്യക്തിയാണ് സബ് ഇന്‍സ്പെക്ടര്‍ ആനി ശിവ. നാരങ്ങാവെള്ളം വിറ്റ അതേ സ്ഥലത്ത് എസ്ഐ ആയിവന്ന ആനി ശിവയുടെ ജീവിതം പ്രതിസന്ധികളില്‍ തളര്‍ന്ന് പോയവര്‍ക്ക് പ്രചോദനമാണ്.
2007ല്‍ ഡിഗ്രി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ പ്രണയ വിവാഹത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്ന ആനി, ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം ഒന്‍പത് മാസം പ്രായമായ കുഞ്ഞുമായി അഭയം തേടി വീട്ടില്‍ തിരികെയെത്തിയിരുന്നു. എന്നാല്‍ അച്ഛന് സ്വീകരിക്കാന്‍ തയാറായില്ല. അമ്മൂമ്മയാണ് അഭയം നല്‍കിയത്. 2009 ലാണ് വിവാഹ ബന്ധം അവസാനിപ്പിച്ചത്.
അമ്മൂമ്മയുടെ വീട്ടില്‍ നിന്നാണ് ആനി ബിരുദം പൂര്‍ത്തിയാക്കിയത്. പിന്നീട് പിജിയും പൂര്‍ത്തിയാക്കി. ആനിയെ കുറിച്ച് കോളജില്‍ ആര്‍ക്കും ഒന്നുമറിയില്ലായിരുന്നു. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ട് എന്ന് മാത്രമേ അറിയാമായിരുന്നുള്ളു. ശാരീരികമായും മാനസികമായും തകര്‍ന്ന അവസ്ഥയിലായിരുന്നു അന്ന് ആനി. മറ്റുളളവരില്‍ നിന്ന് അകന്ന് മാറി നില്‍ക്കാനുള്ള ഏക വഴി ‘അഹങ്കാരിയായി’ നില്ക്കുക എന്നതാണ്. അങ്ങനെ തന്നെയിരുന്നുവെന്ന് ആനി പറയുന്നു.
പഠനത്തിന് ശേഷം സേവന ഉത്പന്നങ്ങള്‍ ഡോര്‍- ടു- ഡോര്‍ ഡെലിവെറി ചെയ്തു. രാവിലെ 8 മണിയോടെ ആരംഭിക്കുന്ന ജോലി പ്രതിദിനം നല്‍കിയിരുന്നത് വെറും 20 രൂപയാണ്. ഇതിനിടയില്‍ മുന്‍ ഭര്‍ത്താവ് ഇടക്കിടെ വന്ന് പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. പിന്നീട് എച്ച്ഡിഎഫ്സിയില് ഒരു ജോലി സംഘടിപ്പിച്ചു. പകല്‍ മുഴുവന്‍ എച്ച്ഡിഎഫ്സിയുടെ ജോലിയും, രാത്രി ഡിടിപി ജോലി ചെയ്തുമായിരുന്നു ഉപജീവനം.
3500 രൂപയാണ് എച്ച്ഡിഎഫ്സിയിലെ വരുമാനം. ഇതില്‍ 3000 രൂപയും വീട്ടു വാടകയായി പോവും. മിച്ചമുള്ള 500 രൂപയില്‍ 400 രൂപ കുട്ടിയുടെ ഡേ കെയര്‍ ഫീസായി പോകും. ബാക്കിയുള്ള 100 രൂപയിലായിരുന്നു ആനിയുടേയും കുഞ്ഞിന്റേയും ജീവിതം. ആ കാലത്ത് ആഹാരമൊന്നും കൃത്യമായി കഴിച്ചിരുന്നില്ല.
2014ല്‍ എസ്ഐ ടെസ്റ്റ് എഴുതിയതോടെയാണ് ഏഴ് വര്‍ഷം നീണ്ട കഷ്പ്പാടുകള്ക്ക് അറുതിയാകുന്നതെന്നും ആനി ശിവ പറയുന്നു. ഷാജി എന്ന വ്യക്തിയാണ് ആനിയോട് ഇക്കാര്യം പറയുന്നത്. അങ്ങനെ പരീക്ഷയ്ക്ക് ഒന്നര മാസം മുമ്പ് പിഎസ്സി കോച്ചിങ്ങിന് ചേര്‍ന്നു. കോച്ചിങ്ങിനാവശ്യമുള്ള പുസ്തകങ്ങള്‍ക്കും മറ്റുമായി സുഹൃത്തുക്കള്‍ സഹായിച്ചു. ഉച്ചയ്ക്ക് ചോറ് കൊണ്ടു വരാത്ത ദിവസം ഒപ്പം പഠിക്കാന്‍ കൂടിയ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ചോറ് നല്കി. പൂര്‍ണ ലക്ഷ്യത്തോടെയുള്ള പഠനം. ഒടുവില്‍ ലക്ഷ്യം നേടി. പൊലീസ് ജോലിയിലേക്ക്.
‘എസ്ഐ ആയി വനതികളെ വിളിക്കുന്നുണ്ട്. നീ ഒന്ന് ട്രൈ ചെയ്യ്. 24-ാം വയസില്‍ നീ എസ്ഐ ആയാല്‍ റിട്ടയര്‍ ആകുമ്പോഴേക്കും അച്ഛന്റെ ആഗ്രഹപ്രകാരം ഐപിഎസ് കിട്ടും. അപ്പോഴെങ്കിലും അച്ഛന്റെ ആഗ്രഹം സഫലീകരിക്കുമല്ലോ എന്നൊരു സമാദാനം നിനക്ക് കിട്ടും’- ആ ഒരൊറ്റ വാക്കിന്റെ പുറത്താണ് പൊലീസാകാന്‍ ഇറങ്ങി തിരിച്ചതെന്ന് ആനി പറയുന്നു.


