പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിയെത്തിച്ച ഓട്ടോയ്ക്ക് കൊടുക്കാനുള്ള കൂലി തികയാതെ വന്നപ്പോള്‍ ക്യാമ്പ് അംഗങ്ങളില്‍ നിന്ന് പണം പിരിച്ചതിന് മാധ്യമ വിചാരണ നേരിടേണ്ടി വന്ന ഓമനക്കുട്ടനെന്ന പ്രാദേശിക സിപിഎം നേതാവിനെ ആരും മറന്നു കാണില്ല. സിപിഎം നേതാവായ ഓമനക്കുട്ടന് ദുരിതാശ്വാസ ക്യാമ്പില്‍ പിരിവുനടത്തുന്നു എന്ന നിലയിലായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്. തുടര്‍ന്ന് വന്‍ മാധ്യമ വിചാരണയാണയു േസോഷ്യല് മീഡിയ ആക്രമണവുമാണ് ഓമനക്കുട്ടന് നേരേയുണ്ടായത്. എന്നാല്‍ ഈ വ്യാജ പ്രചരണങ്ങള്‍ക്കിടയിലും തന്നെ തളര്‍ത്താനാവില്ലെന്ന ദൃഡനിശ്ചയത്തോടെ ഓമനക്കുട്ടന് തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഓമനക്കുട്ടനെ നന്നായിട്ട് അറിയാവുന്ന പൊതുസമൂഹവും രാഷ്ട്രീയ പ്രവര്‍ത്തകരും ഒപ്പം പിന്തുണയുമായി നിന്നു.
എന്നാല്‍ സംഭവത്തിന്റെ യാഥാര്‍ഥ്യം പുറത്തു വന്നപ്പോഴേക്കും വ്യാജവാര്‍ത്ത വല്ലാതെ പ്രചരിച്ചിരുന്നു. ക്യാമ്പിന് പുറത്ത് നിന്നുള്ള ഒരു വ്യക്തി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ വ്യാജപ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. അതുകൊണ്ടൊന്നും സമൂഹ നന്മയ്ക്ക് വേണ്ടിയുള്ള ഓട്ടങ്ങള്‍ ഓമനക്കുട്ടന് ഇല്ലാതാക്കിയിരുന്നില്ല. കോവിഡ്-19 നിയന്ത്രണങ്ങള്‍ക്കിടയില്‍ സ്വന്തം കൃഷിയിടത്തില്‍ വിളഞ്ഞ പച്ചക്കറി ജനകീയ അടുക്കളയിലേക്ക് സംഭാവന നല്‍കിയിരുന്നു ഓമനക്കുട്ടന്.
ഇപ്പോഴിതാ ഓമനക്കുട്ടനെയും കുടുംബത്തെയും തേടി ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്. ഓമനക്കുട്ടന്റെ മകള്‍ സുഹൃതിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് അഡ്മിഷന് ലഭിച്ചിരിക്കുന്നു എന്നതാണ് ആ സന്തോഷ വാര്‍ത്ത. ഓമനക്കുട്ടന്റെ ബന്ധുവായ അനീഷ് വിബിയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. അച്ഛനെ പോലെ തന്നെ നന്മയുള്ളവളായി, മനുഷ്യ സ്നേഹിയായ ഒരു ഡോക്ടര്‍ ആയി പഠിച്ചു വരട്ടെ എന്ന് ആശംസിക്കുന്നെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് ഓമനക്കുട്ടന്റെ കുടുംബത്തിന് ലഭിച്ച ഈ സന്തോഷം. പണ്ട് ഓമനക്കുട്ടന് നേരെ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ തെറ്റ് തിരുത്തി ഇന്ന് ഓമനക്കുട്ടന്റെ കുടംബത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് ആശംസകള്‍ അറിയിക്കാനുള്ള തിരക്കിലാണ്.
https://www.facebook.com/aneesh.vb.1/posts/3439988712722364