പഴയ വാഹനങ്ങള്‍ പൊളിച്ചു നീക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പൊളിക്കല്‍ നയവുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സ്ക്രാപ്പേജ് പോളിസി പ്രകാരം പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്കിയാല് പുതിയ വാഹനം വാങ്ങുമ്പോള്‍ വിലയില്‍ അഞ്ച് ശതമാനം ഇളവ് നല്‍കുമെന്നാണ് നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനം.
വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോട് ചേര്‍ന്ന് റീസൈക്കിളിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്ററില്‍ അധികം കൂട്ടും. പഴയ വാഹനങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള പൊളിക്കല്‍ നയം ആണ് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയത്. നിശ്ചിത വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള നയത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗികാരം നല്കി. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി പ്രാബല്യത്തിലാകുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തെ മുന്‍ നിര വാഹന നിര്‍മാണ ഹബ്ബ് ആക്കി മാറ്റാന്‍ പദ്ധതി ലക്ഷ്യമിടുന്നു.
വോളന്ററി വെഹിക്കിള്‍ സ്ക്രാപ്പിംഗ് പോളിസി എന്ന പേരിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 20 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ഫിറ്റ്നെസ്ടെസ്റ്റിന് വിധേയരാകണം. വാണിജ്യ ഗതാഗതത്തിന്റെ കാര്യത്തില്‍ ഈ കലാവാധി 15 വര്‍ഷമാണ്. പദ്ധതി പ്രകാരം മൂന്ന് തവണയില്‍ കൂടുതല്‍ വാഹനം ഫിറ്റ്നെസ് ടെസ്റ്റില്‍ തോറ്റാല്‍ വാഹനം നര്ബന്ധിതമായും റോഡില്‍ നിന്ന് ഒഴിവാക്കും.