മൂവാറ്റുപുഴ: ലോറിയും കാറും കൂട്ടിയിടിച്ചു കാര്‍ യാത്രക്കാരായ മൂന്ന് യുവാക്കള്‍ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മൂക്കിലകാട്ടില്‍ രാജേന്ദ്രന്റെ മകന് ആദിത്യന് (23), കുന്നേല്‍ ബാബുവിന്റെ മകന് വിഷ്ണു (24), സഹോദരന് അരുണ്‍ ബാബു(22) എന്നിവരാണ് മരിച്ചത്. കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുറപ്പുഴ മൂക്കിലകാട്ടില്‍ അമര്‍നാദ് ആര് പിള്ളേയ് (20)നെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ നാലോടെ എംസി റോഡില്‍ തൃക്കളത്തൂര്‍ കാവുംപടിക്ക് സമീപത്തായിരുന്നു അപകടം. മണ്ണുമാന്തി യന്ത്രം കയറ്റി തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തേ തുടര്‍ന്ന് നാട്ടുകാരും, പോലീസും, അഗ്നിശമനസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്ന് പേരെയും രക്ഷിക്കാനായില്ല.
ബാംഗ്ലൂരില്‍ നിന്നും ബന്ധുവിന് കാര്‍ എടുത്ത ശേഷം ഇരുകാറുകളിലായി മടങ്ങവെയായിരുന്നു അപകടം. പിന്നാലെ മറ്റൊരു കാറില്‍ ബന്ധുവും ഉണ്ടായിരുന്നു. ആദിത്യന്റെയും, വിഷ്ണുവിന്റെയും മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, അരുണിന്റെ മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


