മുംബൈ: പ്രഭാത നടത്തത്തിനിടെ കാറിടിച്ച് ടെകെ കമ്പനി സിഇഒയ്ക്ക് ദാരുണാന്ത്യം. ഐടി, ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ആള്‍ട്രൂയിസ്റ്റ് ടെക്നോളജിസിന്റെ സിഇഒ രാജലക്ഷ്മി വിജയാണ് (42) മരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെ വോര്‍ളി ഡെയറിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ രാജലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാജലക്ഷമിക്കൊപ്പം ഭര്‍ത്താവും പ്രഭാത സവാരിക്കിറങ്ങിയിരുന്നു. ഭര്‍ത്താവ് വേഗത്തില്‍ നടന്ന ശിവാജി പാര്‍ക്കില്‍ എത്തിയിരുന്നു. പൊലീസ് ഇയാളെ അപകട വിവരം വിളിച്ചറിയിക്കുകയായിരുന്നു. ലണ്ടന്‍ മാരത്തണില്‍ പങ്കെടുക്കാനുളള തയ്യാറെടുപ്പിലായിരുന്നു രാജലക്ഷമിയെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
കാര്‍ ഡ്രൈവറായ സുമന് മര്‍ച്ചന്റ് (23) എന്നയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. കാറ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായി വാഹനമോടിക്കല്‍, അശ്രദ്ധ മൂലമുളള മരണം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരുക്കുകളുണ്ട്.


